‘ചെളിക്ക് താഴെ എവിടെയോ എന്റെ ഭാര്യയുണ്ട്, ബിബേകിന് രക്ഷയായത് മാവിൻ കൊമ്പ്’; നേപ്പാളിലെ കണ്ണീർ കാഴ്ചകൾ

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് നേപ്പാൾ. അപ്രതീക്ഷിതമായി ഇരച്ചെത്തിയ വെള്ളപ്പൊക്കത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള നദിയിലേക്ക് വലിയൊരു അളവിൽ മണ്ണും പാറയും ഇടിഞ്ഞുവീണതിനെത്തുടർന്നാണ് വെള്ളപ്പൊക്കമുണ്ടായത്. വെള്ളവും ചെളിയും പാറക്കല്ലുകളും കെട്ടിടങ്ങളെയും വാഹനങ്ങളെയും വിഴുങ്ങി. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ദുരന്തത്തിൽ കുറഞ്ഞത് 270 പേർ മരിക്കുകയും ഏകദേശം 1,500 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
കുടുങ്ങിക്കിടന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ റോഡുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങൾ കാരണം ചില പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നത് ദുഷ്‌കരമായിരിക്കുകയാണ്. എന്നാൽ നേപ്പാൾ കണ്ട ഈ മഹാദുരന്തത്തിൽ നിന്ന് സെക്കൻഡുകളുടെ വ്യത്യാസത്തിൽ മാത്രം രക്ഷപ്പെട്ടവരുണ്ട്. കെട്ടിടങ്ങളുടെ മേൽക്കൂരകളിലേക്കും മരങ്ങളിലേക്കും വലിഞ്ഞുകയറിയവരും, കുതിച്ചെത്തുന്ന ചെളിയിൽ നിന്ന് ഓടിരക്ഷപ്പെട്ടവരും, കൈയിൽ കിട്ടിയ എന്തെങ്കിലും മുറുകെപ്പിടിച്ച് അതിജീവിച്ചവരും അവയിലുണ്ട്. അങ്ങനെ രക്ഷപ്പെട്ടവരുടെ പ്രതികരണങ്ങൾ കണ്ണീരണിയിക്കും…
വെള്ളപ്പൊക്കത്തിന്റെ സമയത്ത് ബിദുറിൽ ജോലി ചെയ്തിരുന്ന 24കാരനായ ബിബേക് കുമാർ പറയുന്നത്, താൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണെന്നാണ്. പുതുതായി പണിത വീടിന് പുറത്ത് ശുചിമുറിക്ക് വേണ്ടി കുഴി എടുക്കുകയായിരുന്നു ബിബേക് കുമാർ. പെട്ടാണ് അദ്ദേഹം ഭീകരമായ ശബ്ദം കേട്ടത്. കുഴിയുടെ മുകളിലുണ്ടായിരുന്ന സഹപ്രവർത്തകർ പുറത്തിറങ്ങി ഓടാൻ ഉറക്കെ വിളിച്ച് പറഞ്ഞു. കുഴിയുടെ പുറത്തെത്തിയെങ്കിലും വെള്ളം ബിബേകിന്റെ അടുത്തെത്തിയിരുന്നു. ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ ഒഴുക്കിലൂടെ അദ്ദേഹത്തെ വെള്ളം കൊണ്ടുപോയി. ജീവൻ നഷ്ടപ്പെട്ടെന്ന് കരുതിയ ബിബേക് അപ്രതീക്ഷിതമായി ഒരു മാവിന്റെ കൊമ്പിൽ കുടുങ്ങി.
‘ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയത്. ഭാഗ്യം കൊണ്ട് ഞാൻ ഒരു മാവിൽ കുടുങ്ങി. ആ മാവ് ഇല്ലായിരുന്നെങ്കിൽ, ഞാൻ ഒഴുക്കിൽപ്പെട്ട് മരിക്കുമായിരുന്നു’- ബിബേക് പറഞ്ഞു. മരത്തിൽ മുറുകെപ്പിടിച്ചിരിക്കുമ്പോൾ താൻ ജോലി ചെയ്തിരുന്ന വീട് പൂർണമായും ഒഴുകിപ്പോകുന്നത് കണ്ടെന്ന് ബിബേക് ഞെട്ടലോടെ വിവരിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് ബിബേകിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
68കാരനായ കേശവ് പ്രസാദ് ബരാലിന് വെള്ളപ്പൊക്കം വീട്ടിലെത്തിയപ്പോൾ തയ്യാറെടുക്കാൻ സമയമുണ്ടായിരുന്നില്ല. തന്റെ വീടിന് നേരെ പാറക്കല്ലുകളും ചെളിവെള്ളവും അതിശക്തമായി വരുന്നതാണ് കേശവ് കണ്ടത്. വീടിനുള്ളിലേക്ക് ചെളി കയറിയപ്പോൾ കേശവ് തന്റെ ഭാര്യയെ ടെറസിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ഭാര്യ ചെളിയൊഴുക്കിൽ ഒലിച്ചുപോവുകയായിരുന്നു. പിന്നീട് ഹെലികോപ്റ്റർ എത്തിയാണ് കേശവിനെ രക്ഷിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടെത്താൻ സാധിച്ചില്ല. ‘എന്റെ ഭാര്യ ഇപ്പോഴും ചെളിക്ക് താഴെ എവിടെയോ ആണ്, അവൾ പോയി’- കേശവ് പറഞ്ഞു.
പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് ദീപികയുടെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയത്. ഈ സമയത്ത് ദീപിക വീടിന് പുറത്തായതിനാൽ കുടുംബാംഗങ്ങളെ വിവരം അറിയിക്കാനും അവരെ ടെറസിലേക്ക് എത്തിക്കാനും അവർക്ക് സാധിച്ചു. ‘എന്റെ വീട്ടുകാരെ വിവരം അറിയിക്കാനും അവരെ രക്ഷിക്കാനും എനിക്ക് സാധിച്ചു’- ദീപിക പറഞ്ഞു. ത്രിശൂലി നദി ആ പ്രദേശത്തേക്ക് ഇരച്ചുകയറിയതോടെ വീടിന്റെ താഴത്തെ നിലയിൽ ചെളിനിറഞ്ഞു. കുടുംബം രക്ഷപ്പെട്ടെങ്കിലും അവരുടെ എല്ലാം മണ്ണിനടിയിലായി. എല്ലാം നഷ്ടപ്പെട്ടതിനെക്കുറിച്ചും ദീപിക വിവരിച്ചു. ‘കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം പോലുമില്ല. കുടിവെള്ളം സൂക്ഷിച്ചിരുന്ന പാത്രം അവിടെ കിടക്കുന്നത് കണ്ടില്ലേ?’- മുറ്റത്ത് പാത്രം ഇരുന്നിരുന്ന സ്ഥലത്തേക്ക് ചൂണ്ടിക്കൊണ്ട് അവർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *