ആർഎസ്‌എസിന് ഉപരോധം ഏർപ്പെടുത്തണം, മോഹൻ ഭഗവതിന്റെ വിസ റദ്ദാക്കണം’; യുഎസ് കമ്മീഷൻ

ന്യൂയോർക്ക്: ആർഎസ്‌എസിന് ഉപരോധമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന യുഎസ് കമ്മീഷൻ. ഇന്ത്യയിൽ മതസ്വാതന്ത്ര്യം വഷളാകുകയാണെന്നും ആർഎസ്‌എസിനെതിരെ യുഎസ് ഉപരോധം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഎസ് കമ്മീഷൻ പ്രസ്‌താവനയിറക്കിയത്. മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ഇന്ന് മോഹൻ ഭഗവത് പ്രസംഗിക്കാനിരിക്കെയാണ് കമ്മീഷന്റെ പ്രസ്‌താവന.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും തുടരുകയാണ്. അതിനാൽ മോഹൻ ഭഗവതിന് നൽകിയ വിസ റദ്ദാക്കണമെന്നും ആർഎസ്‌എസ് നേതാക്കൾക്കും ഇന്ത്യൻ ഉദ്യോഗസ്ഥർക്കുമെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ യുഎസ് ഭരണകൂടം തയ്യാറാകണമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

കമ്മീഷന്റെ ആവശ്യത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തേ രംഗത്തെത്തിയിരുന്നു. ഈ മനുഷ്യാവകാശ സംഘടന പക്ഷപാതപരവും വിശ്വാസ്യതയില്ലാത്തതുമാണെന്നാണ് മന്ത്രാലയം പറഞ്ഞത്. ഇന്ത്യയെക്കുറിച്ച് ഈ കമ്മീഷൻ ആവർത്തിച്ച് തെറ്റും പ്രകോപനപരവുമായ പ്രസ്‌താവനകൾ നടത്തിയിട്ടുണ്ട്. അത്തരം പ്രസ്‌താവനകൾ അവഗണിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

‘വർഷങ്ങളായി ഇന്ത്യയെക്കുറിച്ച് തെറ്റും പ്രകോപനപരവുമായ പ്രസ്‌താവനകൾ അവർ നടത്തിവരുന്നു. അത്തരം സ്ഥാപനങ്ങൾക്ക് അവരുടേതായ അജണ്ടകളുണ്ട്. അവർക്ക് വിശ്വാസ്യതയില്ല. അതിനാൽ അവരെ നമ്മൾ അവഗണിക്കണം’ – ജയ്‌സ്വാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *