കോട്ടയം ∙ നേപ്പാളിൽ വിനോദസഞ്ചാരത്തിനുപോയ കോട്ടയം സംഘം സുരക്ഷിതരാണെന്നും 30നു നാട്ടിൽ എത്തുമെന്നും സംഘാംഗങ്ങൾ. നേപ്പാളിലെ മിന്നൽപ്രളയം നേരിട്ടുകണ്ട മലയാളി സംഘത്തിലെ വി.അഭിറാം ഫോണിലൂടെ നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടു. 14 അംഗ സംഘം പ്രളയത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഘാംഗങ്ങൾ പൊഖാറയിൽ സുരക്ഷിതരാണ്. ലെൻസ് ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) അംഗങ്ങളും കുടുംബാംഗങ്ങളുമാണ് സംഘത്തിൽ.കാണ്മഠുവിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് മിന്നൽപ്രളയമുണ്ടായതെന്ന് അഭിറാം. ‘പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകളും മരങ്ങളും ഒലിച്ചുപോയി. നോക്കി നിൽക്കെ, പെട്ടെന്ന് വെള്ളം കൂടിവരികയായിരുന്നു. ആളുകൾ ഓടിമാറുന്നുണ്ടായിരുന്നു. ഞങ്ങളുടെ വാഹനം പൊലീസ് തടഞ്ഞു. ആറേഴു മണിക്കൂർ അവിടെ കുടുങ്ങി. പിന്നെ പൊലീസിന്റെ നിർദേശം അനുസരിച്ച് കാട്ടിലൂടെ സഞ്ചരിച്ച് പൊഖാറയിൽ എത്തി. എല്ലാവരും സുരക്ഷിതരാണ്. 30നു നാട്ടിൽ എത്താനാകുമെന്നാണ് പ്രതീക്ഷ.– അഭിറാം പറഞ്ഞു. 23ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് 14 അംഗ സംഘം പുറപ്പെട്ടത്.
പൊലീസ് നിർദേശം അനുസരിച്ച് കാട്ടിലൂടെ സഞ്ചരിച്ചു; നേപ്പാളിലുള്ള കോട്ടയം സംഘം സുരക്ഷിതർ