തൊടുപുഴയെ ഇടുക്കിയിൽ നിന്ന് മാറ്റുന്നതിനെതിരെ മന്ത്രി മോൻസ് ജോസഫ്; ‘പറിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ല’

ഇടുക്കി: മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസിന്റെ വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് പറിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട കേരള കോൺഗ്രസിന്റെ നിലപാട് നേരത്തെ തന്നെ യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നും വിഷയം മുന്നണിയിൽ വിശദമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കാവൂ എന്നും മോൻസ് ജോസഫ് പറഞ്ഞു.
മൂവാറ്റുപുഴ എംഎൽഎയായിരുന്ന ജോസഫ് വാഴക്കൻ നേരത്തെ നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. അന്ന് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നാണ് സർക്കാർ മറുപടി നൽകിയതെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന സെപ്റ്റംബർ ഒന്നിന്
മുല്ലപ്പെരിയാർ അണക്കെട്ടിലെ സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി സുപ്രീം കോടതി നിർദേശിച്ച സമിതി സെപ്റ്റംബർ ഒന്നിന് ഡാമിലെത്തും. സുപ്രീം കോടതി നിർദേശിച്ച രീതിയിൽ സമ്പൂർണ സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു.
സുരക്ഷാ പരിശോധന നടത്താൻ തയ്യാറായില്ലെങ്കിൽ കേരളം സുപ്രീം കോടതിയെ സമീപിക്കും. മുൻ സർക്കാരിന്റെ കാലത്ത് കേസിന്റെ നടത്തിപ്പിൽ വീഴ്ച സംഭവിച്ചെന്നും കേരളം പുതിയ അഭിഭാഷക സംഘത്തെ സുപ്രീം കോടതിയിൽ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര സുരക്ഷാ പരിശോധന പൂർത്തിയായ ശേഷം കേരളം ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *