ചില സാഹചര്യങ്ങളിലാണ് നിത്യജീവിതത്തിൽ ലഭിക്കുന്ന സൗകര്യങ്ങളുടെ യഥാർഥ വില മനസിലാകുന്നത്. ഭർത്താവിന് രാത്രി പെട്ടെന്ന് അസുഖം ബാധിച്ചപ്പോൾ മരുന്നും ആവശ്യമായ ചികിത്സാസാധനങ്ങളും വാങ്ങാൻ ഉടൻ പുറത്തിറങ്ങാനായതിന്റെ ആശ്വാസത്തിലാണ് ഇന്ത്യയിലെ ആരോഗ്യസൗകര്യങ്ങളെക്കുറിച്ച് ഒരു ഇന്ത്യൻ ഡോക്ടർ സംസാരിച്ചത്. വിദേശരാജ്യങ്ങളിലെ ആരോഗ്യസംവിധാനവുമായി ഇന്ത്യയിലെ സൗകര്യങ്ങൾ താരതമ്യം ചെയ്തുള്ള ഡോക്ടറുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഡോ. ദീപാഞ്ജലി ശർമയുടെ ഭർത്താവിനാണ് രാത്രി പെട്ടെന്ന് ആരോഗ്യപ്രശ്നമുണ്ടായത്. വൈകുന്നേരം നേരിയ തലവേദന അനുഭവപ്പെട്ടതിന് പിന്നാലെ തുടർച്ചയായി ഛർദിക്കാൻ തുടങ്ങിയതോടെയാണ് മരുന്നുകളും ഐവി ഇൻജക്ഷനുകളും വാങ്ങാൻ രാത്രി തന്നെ ഡോക്ടർ പുറത്തിറങ്ങിയത്. രാത്രി പത്ത് മണിയോടെയാണ് താൻ മരുന്ന് വാങ്ങാൻ പോകുന്നതെന്നും ഇത്തരം സാഹചര്യങ്ങളിലാണ് ഇന്ത്യയിൽ കഴിയുന്നതിന്റെ ഗുണം കൂടുതൽ മനസിലാകുന്നതെന്നും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
യുകെയിലോ മറ്റേതെങ്കിലും പാശ്ചാത്യ രാജ്യത്തോ ആയിരുന്നെങ്കിൽ ഇത്ര എളുപ്പത്തിൽ കാര്യങ്ങൾ നടക്കുമായിരുന്നില്ലെന്നാണ് ഡോ. ദീപാഞ്ജലിയുടെ അഭിപ്രായം. അടിയന്തര വിഭാഗങ്ങളിൽ വലിയ തിരക്കായിരിക്കാമെന്നും ഉടൻ ചികിത്സ ലഭിക്കാൻ കാത്തിരിക്കേണ്ടി വരുമായിരുന്നുവെന്നും അവർ പറഞ്ഞു. ഡോക്ടറായിരുന്നാലും ആവശ്യമായ മരുന്നുകൾ എളുപ്പത്തിൽ വാങ്ങാൻ കഴിയാത്ത സാഹചര്യമായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, വിദേശത്തേക്ക് മാറിയാൽ ജീവിതം എല്ലായ്പ്പോഴും സുഖകരമായിരിക്കുമെന്ന ധാരണ ശരിയല്ലെന്നും അവർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇന്ത്യയിലെ ആരോഗ്യസംവിധാനം എല്ലാത്തിലും മികച്ചതാണെന്ന് പറയാനല്ല തന്റെ അനുഭവം പങ്കുവെച്ചതെന്നും ഡോക്ടർ വ്യക്തമാക്കി. രാജ്യത്ത് ഇനിയും നിരവധി കാര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും എല്ലാ ആളുകൾക്കും ഒരേ തരത്തിലുള്ള ആരോഗ്യസൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും അവർ സമ്മതിച്ചു. എന്നാൽ സ്വന്തം സാഹചര്യത്തിൽ രാത്രി വൈകിയും മരുന്നുകൾ ലഭ്യമാകുന്നതുപോലുള്ള സൗകര്യങ്ങൾ അനുഗ്രഹമായി തോന്നിയെന്നാണ് ഡോക്ടറുടെ വാക്കുകൾ. പോസ്റ്റിന് പിന്നാലെ ഇന്ത്യയിൽ എളുപ്പത്തിൽ ലഭിക്കുന്ന മരുന്നുകളുടെയും അടിയന്തരസഹായത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി നിരവധി പേരാണ് പ്രതികരിച്ചത്.