നേപ്പാളിലെ മിന്നൽ പ്രളയം; 682 മരണം, 3000 ത്തോളം പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ 682 മരണം. മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. ഇതുവരെ 3000 ത്തോളം പേരെയാണ് കാണാതായത്. ചിത്വാൻ ജില്ലയിൽ കണ്ടെടുത്ത 233 മൃദദേഹങ്ങളിൽ നാലെണ്ണം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

പല മൃതദേഹങ്ങളും അഴുകിയ നിലയിലും മണ്ണിൽ പുതഞ്ഞ സ്ഥിതിയിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിലുമാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ്.

ഏകദേശം 25 മൈൽ റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പലയിടത്തും രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്.

അതേസമയം, നേപ്പാളിലേക്ക്‌ വിനോദയാത്രയ്‌ക്ക്‌ പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേർ ഞായർ പുലർച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി. ശനിയാഴ്ച ​നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ നാട്ടിലെത്തിയിരുന്നു.

ഓസ്ട്രേലിയൻ പൗരത്വമുള്ള, കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പെടെ ഏഴുപേരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ടിബറ്റൻ അതിർത്തിക്കപ്പുറത്തുള്ള പ്രദേശങ്ങളെയും ദുരന്തം ബാധിച്ചിട്ടുണ്ട്. നേപ്പാൾ അതിർത്തിക്കടുത്തുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു.

554 പേരെ കാണാതായതായി ടിബറ്റ് അടിയന്തര മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു. മഴയുണ്ടെങ്കിലും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *