കൊച്ചി: കാന്തപുരത്തിൻ്റെ പ്രസ്താവന വിവാദമായിരിക്കേ വീണ്ടും അത് ഉറപ്പിച്ച് സമർത്ഥിച്ച് കാന്തപുരം രംഗത്തെത്തി. സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അവര്‍ പൊതുരംഗത്തിറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള തന്റെ കടുത്ത പിന്തിരിപ്പന്‍ നിലപാടില്‍ ഉറച്ചുനിന്ന് അഖിലേന്ത്യാ സുന്നി പണ്ഡിതസഭ നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ . കൊച്ചിയില്‍ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂല്‍ സമ്മേളനത്തിലാണ് ലിംഗസമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും നേരെ വെല്ലുവിളിയുയര്‍ത്തുന്ന മുന്‍ പ്രസ്താവന കാന്തപുരം വീണ്ടും ആവര്‍ത്തിച്ചത്. ആധുനിക ജനാധിപത്യ സമൂഹത്തില്‍ ഇത്തരം പ്രസ്താവനകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് ??രോടുള്ള ബഹുമാനം കൊണ്ടാണെന്ന വിചിത്രമായ ന്യായീകരണമാണ് കാന്തപുരം സമ്മേളനത്തില്‍ ഉന്നയിച്ചത്. സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്ലാം അവര്‍ക്ക് പര്‍ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളതെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രകൃതിദത്തമായ ബുദ്ധിപരമായി ആലോചിച്ചാലും ഇതാണ് ഏറ്റവും ശരിയായ കാര്യമെന്നാണ് തന്റെ നിലപാടിനെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞത്.
തങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ പറയാന്‍ എന്ത് അധികാരമാണുള്ളതെന്ന് ചോദ്യമുയര്‍ത്തുന്നവര്‍ക്ക് കടുത്ത ഭാഷയിലാണ് കാന്തപുരം മറുപടി നല്‍കിയത്. മതത്തെ സംബന്ധിച്ച് വ്യക്തമായി പഠിച്ചവരാണ് തങ്ങളെന്നും, അതുകൊണ്ടുതന്നെ സമുദായത്തോട് വഴിനടക്കേണ്ട കാര്യങ്ങള്‍ പറയല്‍ തങ്ങളുടെ നിര്‍ബന്ധ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളെയും വിവാദങ്ങളെയും തങ്ങള്‍ ഭയപ്പെടുന്നില്ലെന്ന കടുത്ത നിലപാടിലാണ് കാന്തപുരം വിഭാഗം. നേരത്തെ നബിദിനാഘോഷ റാലികളില്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും പങ്കെടുപ്പിച്ചതിനെ തുടര്‍ന്ന്, സ്ത്രീകള്‍ പൊതുനിരത്തിലും പൊതുവേദിയിലും അന്യപുരുഷന്മാര്‍ക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിര്‍ദേശവുമായി കാന്തപുരം വിഭാഗം സമസ്ത സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള സാമൂഹിക എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, ഉയര്‍ന്നു വന്ന വിവാദങ്ങളെയോ പ്രതിഷേധങ്ങളെയോ കാര്യമാക്കാതെ താന്‍ പറഞ്ഞ നിലപാടില്‍ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്ന സന്ദേശമാണ് കാന്തപുരം വീണ്ടും നല്‍കുന്നത്.