നേപ്പാൾ പ്രളയം: മരണം 1,292 ആയി

ന്യൂഡൽഹി: നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 1,292 ആയി. 4,200ലേറെ പേരെ കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ 583 വിദേശികളുമുണ്ട്. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയതായി കരുതുന്ന 900 പേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രളയത്തിൽ കുടുങ്ങിയ 163 ഇന്ത്യക്കാരെ രക്ഷപെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൈലാസ മാനസ സരോവർ തീർത്ഥാടനത്തിനു പോയി നേപ്പാൾ-ചൈന അതിർത്തിയിൽ കുടുങ്ങിയ 151 പേരെയും തിരികെയെത്തിച്ചു.

അതേസമയം, ദുരന്തബാധിത മേഖലയിൽ ഉണ്ടായിരുന്ന മറ്റ് ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ, തമിഴ്നാട്ടിലെ കോയമ്പത്തൂർ ആസ്ഥാനമായ ഇഷ ഫൗണ്ടേഷന്റെ കൈലാസ്-മാനസ സരോവർ തീർത്ഥാടക സംഘത്തിലെ 77 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല.

തീർത്ഥാടനം പൂർത്തിയാക്കി നേപ്പാളിലേക്ക് മടങ്ങുന്നതിനിടെ സംഘം ടിബറ്റിലെ ഗൈറോങ് ഇമിഗ്രേഷൻ കേന്ദ്രത്തിലെത്തിയപ്പോഴാണ് പ്രളയം ആഞ്ഞടിച്ചത്. ഇമിഗ്രേഷൻ കേന്ദ്രം പ്രളയത്തിൽ തകർന്നതോടെ സംഘവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് സംഘത്തിന്റെ സുരക്ഷയ്ക്കായി ഗൈറോങിലെത്താൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് സംഘത്തിന്റെ കോഓർഡിനേറ്റർ അറിയിച്ചു. സംഘത്തിലെ 77 പേരിൽ 22 പേർ അമേരിക്കക്കാരാണ്. ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരും സംഘത്തിലുണ്ടായിരുന്നു.

ഓഗസ്റ്റ് 26ന് നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഹിമാനിയും പാറക്കൂട്ടങ്ങളും തകർന്നുണ്ടായ വൻ ജലപ്രവാഹമാണ് ദുരന്തത്തിന് കാരണമായത്. വീടുകളും പാലങ്ങളും റോഡുകളും ജലവൈദ്യുത പദ്ധതികളും വ്യാപകമായി തകർന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ രക്ഷാസംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *