കാക്കനാട് ∙ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിൽനിന്ന് മോർഫ് ചെയ്ത ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ഐടി നിയമത്തിലെ 67 എ ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.കോളജ് അധികൃതരുടെ പരാതിയിലാണു വിദ്യാർഥിക്കെതിരെ കേസെടുത്തത്. കോളജിലെ ചടങ്ങുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ എടുക്കാറുണ്ട്. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണു പ്രതി മോർഫ് ചെയ്തു പ്രചരിപ്പിച്ചതെന്നാണു സംശയം. അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉൾപ്പെടെയുള്ള വിഡിയോകളാണു മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളജിൽ സമരം നടത്തിയിരുന്നു.
സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു; ടെലഗ്രാം ഗ്രൂപ്പിൽ പ്രചരിപ്പിച്ചു, കാക്കനാട്ട് വിദ്യാർഥി അറസ്റ്റിൽ