തിരുവനന്തപുരം ∙ നാടും നഗരവും ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നാടെങ്ങും കുരുന്നുകൾ പങ്കെടുക്കുന്ന കമനീയമായ ശോഭായാത്രകൾ നടക്കും. തലസ്ഥാനത്തെ പ്രധാന ശോഭായാത്ര വൈകിട്ട് 4ന് പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽനിന്ന് ആരംഭിക്കും. മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും വൈകിട്ട് ശോഭായാത്രകൾ നടക്കും. ഇന്നലെ വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണലീലകളെ അനുസ്മരിപ്പിക്കുന്ന ബാലന്മാരുടെ ഉറിയടി നടന്നു.
ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ അവതാരപൂജയുൾപ്പെടെ പ്രത്യേക പൂജകൾ നടക്കും. ഒട്ടേറെ ഭക്തർ ജന്മാഷ്ടമിയിൽ ഇഷ്ടദേവനെ തൊഴാനെത്തും. ചിങ്ങത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമിനാളിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്.
∙ ഗുരൂവായൂരിൽ പിറന്നാൾ വിരുന്ന്
കണ്ണനെ കണ്ടു തൊഴുതും അവതാര കഥകൾ കേട്ടും കൃഷ്ണനാട്ടം കണ്ടും കലാപരിപാടികൾ ആസ്വദിച്ചും പിറന്നാൾ സദ്യയിൽ പങ്കെടുത്തും നാമം ജപിച്ചും ഭക്തർ ഗുരുവായൂരിൽ കണ്ണന്റെ പിറന്നാൾ ആഘോഷിക്കും. ഉണ്ണിക്കണ്ണനെ കണ്ടു തൊഴാനായി ഇന്നലെ മുതൽ തന്നെ ഭക്തജന തിരക്ക് ആരംഭിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് ഗുരുവായൂർ ക്ഷേത്രനട പുലർച്ചെ 3ന് തുറന്നപ്പോൾ നിർമാല്യവും വാകച്ചാർത്തും നടന്നു. രാവിലെ 7നും ഉച്ച കഴിഞ്ഞ് 3നും കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നള്ളിക്കും. കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റും. കാലത്ത് തിരുവല്ല രാധാകൃഷ്ണൻ, കോട്ടപ്പടി സന്തോഷ് മാരാർ എന്നിവർ നയിക്കുന്ന പഞ്ചാരിമേളം, ഉച്ചകഴിഞ്ഞ് ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പഞ്ചവാദ്യം. സന്ധ്യയ്ക്ക് നിറമാല, കേളി, ഗുരുവായൂർ ശശി മാരാരുടെ തായമ്പക, രാത്രി വിളക്കെഴുന്നള്ളിപ്പിന് നെന്മാറ കണ്ണന്റെ നേതൃത്വത്തിൽ നാഗസ്വര ഇടയ്ക്ക പ്രദക്ഷിണം.