മെക്സിക്കോ ഒരു നോക്കൗട്ട് മത്സരം ജയിക്കുന്നത് 40 വര്‍ഷത്തിനു ശേഷം; അന്നും ഇന്നും ആതിഥേയര്‍

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പില്‍ എക്വഡോറിനെ തകര്‍ത്ത് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ് ആതിഥേയരായ മെക്സിക്കോ. കനത്ത ഇടിമിന്നലും മഴയും കാരണം ഒരു മണിക്കൂര്‍ വൈകിയാരംഭിച്ച മത്സരത്തില്‍ ഹൂലിയന്‍ ക്വിനോനെസിന്റെയും റൗള്‍ ഹിമെനസിന്റെയും ഗോളിലാണ് ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്റ്റേഡിയത്തില്‍ മെക്സിക്കോ ജയിച്ചുകയറിയത്.
40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മെക്സിക്കോ ലോകകപ്പില്‍ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നതെന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്. 1986-ല്‍ സ്വന്തം രാജ്യത്ത് ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം ആദ്യമായാണ് മെക്സിക്കോ ഒരു ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ വിജയിക്കുന്നത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും ഇപ്പോള്‍ നോക്കൗട്ടിലും ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് മെക്സിക്കോയുടെ മുന്നേറ്റം. ആസ്റ്റക്ക സ്റ്റേഡിയത്തില്‍ കളിച്ച അവസാന 10 ലോകകപ്പ് മത്സരങ്ങളിലും തോറ്റിട്ടില്ലെന്ന അപൂര്‍വ റെക്കോഡും മെക്സിക്കോ നിലനിര്‍ത്തി.

മത്സരത്തില്‍ എക്വഡോറിനെതിരേ മെക്സിക്കോയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ഇതിനിടെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഉള്‍പ്പെട്ട മെക്സിക്കോയുടെ 17-കാരന്‍ ഗില്‍ബെര്‍ട്ടോ മോറ ഒരു റെക്കോഡും സ്വന്തമാക്കി. ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംപിടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമായിരിക്കുകയാണ് മോറ. 1958 ലോകകപ്പില്‍ കളിച്ച ബ്രസീല്‍ ഇതിഹാസം പെലെയാണ് നോക്കൗട്ട് മത്സരത്തില്‍ ആദ്യ ഇലവനില്‍ കളിച്ച ഏറ്റവും പ്രായംകുറഞ്ഞ താരം.

 

 

Leave a Reply

Your email address will not be published. Required fields are marked *