നേപ്പാളിൽ തുരങ്കത്തിൽ 9 ദിവസം കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപെടുത്തി

കാഠ്മണ്ഡു: പ്രത്യാശയുടെ പുത്തൻ വെളിച്ചം വീശുന്ന വാർത്തയാണ് നേപ്പാളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. പ്രളയത്തെ തുടർന്ന് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അടഞ്ഞുപോയ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ട് പേരെ ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ മൂന്ന് ജില്ലകളിൽ കനത്ത മിന്നൽ പ്രളയം ഉണ്ടായി ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഈ അത്ഭുതകരമായ രക്ഷപ്പെടുത്തൽ നടന്നിരിക്കുന്നത്. ഇത് തുരങ്കത്തിനുള്ളിൽ മറ്റ് ചിലർ കൂടി ജീവനോടെ കുടുങ്ങിക്കിടപ്പുണ്ടാകാം എന്ന പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയിൽ നിന്ന് ചെളിയിൽ മൂടിയ തൊഴിലാളികളെ രക്ഷാപ്രവർത്തകർ തോളിലേറ്റിക്കൊണ്ടുവരുന്ന ദൃശ്യങ്ങൾ പ്രാദേശിക ടെലിവിഷൻ ചാനലുകൾ സംപ്രേക്ഷണം ചെയ്തു. രക്ഷപ്പെട്ട രണ്ടുപേരെ കബീർ മഹർജൻ, സഞ്ജയ് ഷാ എന്നിവരായി തിരിച്ചറിഞ്ഞതായി നേപ്പാൾ ആഭ്യന്തര മന്ത്രി സുദാൻ ഗുരുങ് അറിയിച്ചു. നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ മെക്കാനിക്കൽ ഫോർമാൻ ആണ് 30കാരനായ സഞ്ജയ് ഷാ. ത്രിശൂലി-3 ‘എ’ ജലവൈദ്യുത പദ്ധതിയിലെ സൂപ്പർവൈസറാണ് 45കാരനായ കബീർ മഹർജൻ.

രക്ഷപ്പെടുത്തിയപ്പോൾ സംസാരിക്കാൻ കഴിയാത്ത നിലയിലായിരുന്ന സഞ്ജയ് ഷായെ തലസ്ഥാനമായ കാഠ്മണ്ഡുവിന് വടക്കുപടിഞ്ഞാറുള്ള ബട്ടാറിലേക്ക് ഹെലികോപ്റ്ററിൽ എത്തിച്ചു. അതേസമയം, തുരങ്കത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ തന്റെ ഭർത്താവ് ബോധവാനായിരുന്നുവെന്നും കാഠ്മണ്ഡുവിലെ ഛൗനി മിലിട്ടറി ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്നും മഹർജന്റെ ഭാര്യ പറഞ്ഞു.

ചെളിനിറഞ്ഞ തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഒരാളെ പുറത്തെടുക്കുമ്പോൾ രക്ഷാപ്രവർത്തകർ ആഹ്ലാദിക്കുന്നതിന്റെ വീഡിയോ ഒരു നേപ്പാളി എം.പി പങ്കുവെച്ചിട്ടുണ്ട്. രണ്ടാമത്തെയാളെ ചെളിപുരണ്ട ശരീരത്തോടെ, കൈകൂപ്പി പ്രാർത്ഥിച്ചുകൊണ്ട് ഓറഞ്ച് നിറത്തിലുള്ള സ്ട്രെച്ചറിൽ രക്ഷാപ്രവർത്തകർ കൊണ്ടുപോകുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

150-ലധികം ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്ന മറ്റ് ആറോളം ജലവൈദ്യുത പദ്ധതി തുരങ്കങ്ങളിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇതിൽ 500ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതർ കരുതുന്നത്. ഈ വലിയ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി എഞ്ചിനീയർമാർ തുരങ്കങ്ങളിലേക്ക് വായു പമ്പ് ചെയ്യുന്നുണ്ട്.

രാജ്യത്തെ ദുരന്ത നിവാരണ ഏജൻസിയുടെ കണക്കുപ്രകാരം, നേപ്പാളിലുണ്ടായ കനത്ത പ്രളയത്തിൽ കുറഞ്ഞത് 1,259 പേർ മരിക്കുകയും 5,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബോർഡറിലെ തിബറ്റ് ഭാഗത്ത് 21 പേർ മരിക്കുകയും 541 പേരെ കാണാതാവുകയും ചെയ്തതായി ബുധനാഴ്ച വൈകി ചൈനയും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *