കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്‌: സിംഗിള്‍ ബെഞ്ച്‌ ഉത്തരവിന്‌ സ്‌റ്റേ

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിന്‌ കാരണമായ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുകള്‍ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌. പ്രോസിക്യൂഷന്‍ അനുമതിയുടെ സാഹചര്യത്തില്‍ കേസിലെ തുടര്‍ നടപടികള്‍ക്ക്‌ സി.ബി.ഐക്കു നിര്‍ദേശം നല്‍കുന്നതടക്കം സിംഗിള്‍ ബെഞ്ചിന്റെ നാല്‌ ഉത്തരവുകള്‍ക്കും സ്‌റ്റേ ബാധകയായിരിക്കും.
കേസിലെ മുഖ്യപ്രതികളായ ആര്‍. ചന്ദ്രശേഖരനും കെ.എ. രതീഷും നല്‍കിയ അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ചാണ്‌ ജസ്‌റ്റിസ്‌ കെ. നടരാജന്‍, ജസ്‌റ്റിസ്‌ ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌. അപ്പീലുകള്‍ വിശദമായ വാദത്തിനായി 24-ന്‌ പരിഗണിക്കും. സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിലെ തുടര്‍ നടപടികളെ ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവ്‌ ബാധിച്ചേക്കും. 2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ വിദേശത്തുനിന്ന്‌ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്‌തതില്‍ 80 കോടിയുടെ സാമ്പത്തിക ക്രമക്കേട്‌ ആരോപിച്ച്‌ പരാതിക്കാരന്‍ കടകംപള്ളി മനോജ്‌ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലെ കോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ പ്രോസിക്യുഷന്‍ അനുമതി നല്‍കിയതെന്നു ചൂണ്ടിക്കാട്ടിയാണ്‌ അപ്പീല്‍ നല്‍കിയത്‌.
കേസിലെ പരിഗണനാ വിഷയങ്ങള്‍ മറികടന്നാണ്‌ സിംഗിള്‍ ബെഞ്ച്‌ ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും അപ്പീലില്‍ പറയുന്നു. സി.ബി.ഐയുടെ അപേക്ഷ മൂന്നുവട്ടം നിരസിച്ച സര്‍ക്കാര്‍, സിംഗിള്‍ബെഞ്ച്‌ ഇടപെടലിനെ തുടര്‍ന്നാണ്‌ അനുമതി നല്‍കാന്‍ നിര്‍ബന്ധിതരായതെന്ന്‌ അപ്പീല്‍ പറയുന്നു. ഇത്തരം ഉത്തരവുകള്‍ സുപ്രീം കോടതിയടക്കം വിലക്കിയിട്ടുള്ളതാണ്‌. സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ വിചാരണാഘട്ടത്തില്‍ തങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *