ശ്രീനഗർ: വെള്ളിയാഴ്ച നവി മുംബൈയിൽ നിന്ന് ശ്രീനഗറിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ 6ഇ 225 (VT-NOG) വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടയിൽ വിഷ്വൽ ഡോക്കിംഗ് ഗൈഡൻസ് സിസ്റ്റം പോളിലിടിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും, സംഭവത്തിൽ വിമാനത്തിന് ചില കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
ബേ നമ്പർ 6-ൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് വിമാനത്തിന്റെ മുൻഭാഗം പോളിലിടിച്ചതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. “എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്, ആർക്കും പരിക്കുകളില്ല,” എഎഐ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നു. സംഭവത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
നവി മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ശ്രീനഗർ വിമാനത്താവളത്തിലെ ഗൈഡൻസ് പോളിൽ ഇടിച്ചു