പെന്‍ഗ്വിന്‍ പിന്മാറി, ഹാര്‍പര്‍കോളിന്‍സ് പുറത്തിറക്കും ; സോണിയാഗാന്ധിയുടെ പുസ്തകം നവംബര്‍ 10 ന്

ന്യൂഡല്‍ഹി: എഡിറ്റിംഗിന്റെ കാര്യത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പെന്‍ഗ്വിന്‍ പിന്മാറിയ സാഹചര്യത്തില്‍ സോണിയാഗാന്ധിയുടെ വിവാദ ആത്മകഥ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ ഹാര്‍പര്‍കോളിന്‍സ് ഇന്ത്യ പുറത്തിറക്കും. നവംബര്‍ 10-നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പ്രസാധകര്‍ നടത്തി.
എക്‌സിലിട്ട പോസ്റ്റിലൂടെയാണ് ഹാര്‍പര്‍കോളിന്‍സ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കുകയോ പുറത്തിറക്കുകയോ ഇല്ലെന്ന പെന്‍ഗ്വിന്‍ ഇന്ത്യയുടെ തീരുമാനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ വഴിതിരിവ്.
പെന്‍ഗ്വിന്‍ ചില എഡിറ്റോറിയല്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും കയ്യെഴുത്തു പ്രതിയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സോണിയ ഈ തിരുത്തലുകളോട് യോജിച്ചില്ല. അതേസമയം പുസ്തകം പുറത്തിറക്കാതിരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പെന്‍ഗ്വിന്‍ തള്ളി.
യുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം മുതല്‍ ഇന്ത്യയിലെ ജീവിതം വരെയുള്ള സോണിയാ ഗാന്ധിയുടെ ജീവിതയാത്രയുടെ ഉള്ളറകളിലെ വിവരങ്ങളാണ് പുസ്തകം പറയുന്നത്. രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ദിരാഗാന്ധിയുമായുള്ള ബന്ധം, ഒടുവിലത്തെ രാഷ്ട്രീയ പ്രവേശനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ കുടുംബത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, അവരുടെ പ്രചോദനങ്ങളും പ്രവര്‍ത്തനങ്ങളും ആഴത്തിലുള്ള മാനുഷിക പോരായ്മകളും യഥാര്‍ത്ഥത്തില്‍ പര്യവേക്ഷണം ചെയ്ത വിവരങ്ങള്‍ വളരെ കുറവാണെന്ന് സോണിയാഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *