തീയേറ്ററിലെ 250 രൂപയുടെ പോപ്‌കോൺ: ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളിൽ പോപ്‌കോണിനും കുപ്പിവെള്ളത്തിനും അമിത വിലയ്ക്ക് വിൽക്കുന്നുവെന്ന പരാതിയിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഈ പ്രശ്നം കാലങ്ങളായി നിലനിൽക്കുന്നതാണ്. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പായ്ക്കറ്റിൽ ഇടാതെയാണ് നിലവിൽ പോപ്‌കോൺ വിൽക്കുന്നത്. പായ്ക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും എംആർപിയും പരിശോധിക്കാൻ കഴിയും. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വിലയിലാണോ വിൽക്കുന്നതെന്നുമാണ് ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്. അതിൽ കൂടുതൽ വിലയ്ക്ക് വിറ്റാൽ നടപടി സ്വീകരിക്കും. പായ്ക്ക് ചെയ്ത ഉൽപ്പനങ്ങൾ പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന എംആർപിയിലാണോ വിൽക്കുന്നതെന്ന് ഉറപ്പാക്കും.
പുറത്തുനിന്നുള്ള വെള്ളം തിയേറ്ററുകളിൽ അനുവദിക്കാത്തത് ഉപഭോക്താക്കളുടെ അവകാശം ഹനിക്കുന്നതും ഒപ്പം മനുഷ്യാവകാശ ലംഘനവുമാണ്. വീട്ടിൽനിന്നു കൊണ്ടുവരുന്ന വെള്ളം കുടിക്കേണ്ട തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുണ്ടാകും. അവർക്ക് വെള്ളം കൊണ്ടുവരുന്നത് അനുവദിക്കാതിരിക്കുന്നത് ശരിയല്ല. അത് അനുവദിക്കുകയും കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നത് ഒഴിവാക്കുകയും വേണം. പരീക്ഷാഹാളുകളിലും വിമാനത്താവളത്തിലും വരെ കുടിവെള്ളം അനുവദിക്കുന്നുണ്ട്’- മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *