50 വർഷത്തിനുശേഷം പാക് സൈനിക കമാൻഡ് ഘടനയിൽ വൻ മാറ്റം

ഇസ്‌ലാമാബാദ്: സൈനിക കമാൻഡ് ഘടനയിൽ നിർണായക മാറ്റങ്ങളുമായി പാകിസ്ഥാൻ. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനായി പുതിയ കേന്ദ്രീകൃത കമാൻഡ് സംവിധാനം നിലവിൽ വന്നു. 27-ാം ഭരണഘടനാ ഭേദഗതിയിലൂടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് പദവി രൂപീകരിക്കുകയായിരുന്നു. തുടർന്ന് 2026ലെ പാകിസ്ഥാൻ പ്രതിരോധ സേനാ നിയമത്തിലൂടെ നടപ്പാക്കിയ പുനഃസംഘടന, 50 വർഷത്തിനുശേഷം പാക് ദേശീയ സുരക്ഷാ സംവിധാനത്തിൽ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണ്.
നിലവിലെ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ തന്നെയാണ് സിഡിഎഫ് പദവി വഹിക്കുന്നത്. ഇതോടെ കരസേനയ്ക്ക് പുറമെ നാവികസേനയുടെയും വ്യോമസേനയുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് നേരിട്ട് കമാൻഡ് ചെയ്യാനുള്ള അധികാരം ലഭിച്ചു. 1976ൽ രൂപീകരിച്ച ചെയർമാൻ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന പദവി ഇതോടെ ഒഴിവാക്കി.
എന്തുകൊണ്ട് കമാൻഡ് ഘടന മാറ്റി
ആധുനിക യുദ്ധരീതികളിൽ കര, കടൽ, വ്യോമ മേഖലകൾക്കൊപ്പം ഡ്രോൺ, സൈബർ തുടങ്ങിയ മേഖലകളിലും ഒരേസമയം പ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളത്. ഇതിന് മൂന്ന് സേനാ വിഭാഗങ്ങളും കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നാണ് പാകിസ്ഥാന്റെ നിലപാട്. കര, കടൽ, വ്യോമ മേഖലകളിലെ സൈനിക പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുക. ഓരോ സേനാ വിഭാഗവും സ്വന്തം രീതിയിൽ പ്രവർത്തിക്കുന്നതിന് പകരം സംയുക്ത കമാൻഡ് സംവിധാനത്തിലേക്ക് കൊണ്ടുവരിക.ഒരൊറ്റ കമാൻഡ് ശൃംഖലയിലൂടെ അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയുക. പുതിയ സംവിധാനത്തിന്റെ ഭാഗമായി ഡിഫൻസ് ഫോഴ്സ് ഹെഡ് ക്വോട്ടേഴ്‌സും രൂപീകരിച്ചിട്ടുണ്ട്. സിഡിഎഫ് ആണ് ഇതിന് നേതൃത്വം നൽകുന്നത്.
പഴയ സംവിധാനവും പുതിയ സംവിധാനവും
പഴയ സംവിധാനം: CJCSC പ്രധാനമായും മൂന്ന് സേനാ വിഭാഗങ്ങൾക്കിടയിൽ ചുമതലയുള്ള ഏകോപന സ്ഥാനമായിരുന്നു. കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്ക് അവരുടേതായ സ്വതന്ത്ര കമാൻഡ് സംവിധാനങ്ങളുണ്ടായിരുന്നു. പുതിയ സംവിധാനം: സിഡിഎഫിന് മൂന്ന് സേനകളുടെയും പ്രവർത്തനങ്ങളിൽ നേരിട്ടുള്ള പ്രവർത്തന നിയന്ത്രണവും കമാൻഡ് അധികാരവും നൽകുന്നു. പ്രധാനമന്ത്രി ഉൾപ്പെടുന്ന ഫെഡറൽ സർക്കാരിനോടാണ് സിഡിഎഫിന് ഉത്തരവാദിത്തം
ആണവ കമാൻഡിലും മാറ്റം
പാകിസ്ഥാന്റെ ആണവ ശേഷിയുമായി ബന്ധപ്പെട്ട കമാൻഡ് സംവിധാനത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നാഷണൽ സ്ട്രാറ്റജിക് കമാൻഡ് സംവിധാനത്തിന്റെ തലവനായി സൈന്യത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനെയാണ് നിയമിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ തന്ത്രപ്രധാന ആണവ ശേഷിയുടെ കമാൻഡ് ഘടനയിലും കരസേനയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അസിം മുനീറിന്റെ അധികാരം എത്രത്തോളം വർദ്ധിപ്പിക്കും
പുതിയ സംവിധാനത്തോടെ അസിം മുനീറിന്റെ അധികാരം കരസേനാ മേധാവി എന്ന സ്ഥാനത്ത് മാത്രം ഒതുങ്ങുന്നില്ല. സിഡിഎഫ് എന്ന നിലയിൽ മൂന്ന് സേനകളുടെയും പ്രവർത്തന കമാൻഡ് ശൃംഖലയിൽ അദ്ദേഹം ഏറ്റവും മുകളിലായിരിക്കും. 2025ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ നാല് ദിവസത്തെ സംഘർഷത്തിന് പിന്നാലെയാണ് മുനീറിന് ഫീൽഡ് മാർഷൽ പദവി ലഭിച്ചത്. പിന്നീട് ഭരണഘടനാ ഭേദഗതിയിലൂടെ സിഡിഎഫ് പദവി നിലവിൽ വന്നതോടെ അദ്ദേഹത്തിന്റെ അധികാരം കൂടുതൽ ശക്തമായി.
സൈനിക പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ, അധികാരം ഒരൊറ്റ സൈനിക ഉദ്യോഗസ്ഥനിൽ കൂടുതൽ കേന്ദ്രീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് വിമർശകരുടെ നിലപാട്. പാകിസ്ഥാനിൽ സൈന്യത്തിന് രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടെന്ന പശ്ചാത്തലത്തിലാണ് പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. പുതിയ സംവിധാനം സിവിലിയൻ ഭരണകൂടവും സൈന്യവും തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതും പ്രധാന ചോദ്യമാണ്.
ഇന്ത്യയെ എങ്ങനെ ബാധിക്കും
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന്റെ സൈനിക കമാൻഡ് സംവിധാനം നമ്മുടെ രാജ്യത്തെ സൈനിക നീക്കങ്ങളോട് മിനിറ്റുകൾക്കുള്ളിൽ പ്രതികരിക്കാൻ പാകിസ്ഥാന് കഴിയും. ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം രൂക്ഷമാകുന്ന സ്ഥിതിയിലേക്കും കാര്യങ്ങൾ മാറാൻ സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് ഡ്രോൺ, സൈബർ, ദീർഘദൂര പ്രഹരശേഷി തുടങ്ങിയ മേഖലകളിൽ സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താൻ പാക് സൈന്യത്തിന്റെ പുതിയ ഘടന സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *