തിരുവനന്തപുരം : കാന്തപുരം എ.പി. അബുബേക്കർ മുസല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളി പാളയം ഇമാം വി.പി. സുഹൈബ് മൗലവി. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്ലാമിൽ ഒരിടത്തും പറയുന്നില്ല. സ്ത്രീകൾക്ക് മേൽ അനാവശ്യമായ നിയന്ത്രണങ്ങൾ എർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ സൂക്ഷ്മതയോടെ സ്ത്രീകൾ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടത്. ഇതാണ് ഇസ്ലാമിൽ ശരിയായ നിലപാടെന്നും സുഹൈബ് മൗലവി പറഞ്ഞു. വെള്ളിയാഴ്ചനമസ്കാരത്തിനിടെ ആയിരുന്നു പരാമർശം.
ഖുറാനിൽ ഒരുതരത്തിലുമുള്ള ലിംഗവിവേചനവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാഹാബിമാരുടെ കാലം മുതലുള്ള ഇസ്ലാമിന്റെ പാരമ്പര്യം ഇതിന് തെളിവാണ്. അക്കാലത്ത് സത്രീകളുടെ സജീവ സാന്നിദ്ധ്യവും പങ്കാളിത്തവുമുണ്ടായിരുന്നു. പിൽക്കാലത്ത് വന്ന ചില യാഥാസ്ഥിതിക കൂട്ടായ്മകളാണ് വിലക്കുകൾ കൊണ്ടുവന്നത്. അവരാണ് സ്ത്രീകൾക്കെതിരെ അനാവശ്യമായ അരുതുകൾ മുന്നോട്ടുവച്ചതെന്നും പാളയം ഇമാം കൂട്ടിച്ചേർത്തു.
വിശ്വാസികൾ എന്ന നിലയ്ക്ക് ഇസ്ലാമിക മാർഗനിർദ്ദേശങ്ങൾ ഉൾക്കൊണ്ടുവേണം സ്ത്രീകളും പുരുഷൻമാരും രംഗപ്രവേശം ചെയ്യേണ്ടത്. സ്ത്രീപുരുഷ തുല്യതയാണ് ഇസ്ലാംമതം മുന്നോട്ടു വയ്ക്കുന്നതെന്നും സുഹൈബ് മൗലവി പറഞ്ഞു. ജോലിയിലും പ്രവർത്തന മേഖലയിലും ഒരു ലിംഗവിവേചനവും ഇസ്ലാം പറയുന്നില്ല. വേതനത്തിലും സ്ത്രീപുരുഷ തുല്യതയാണ് ഇസ്ലാം പറയുന്നത്. പ്രവാചകന്റെ ഭാര്യ യുദ്ധത്തിൽ പങ്കാളിയായിട്ടുണ്ടെന്നും ഇസ്ലാമിക ചരിത്രം പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിലുള്ളത് സ്ത്രീപുരുഷ തുല്യത, സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പാളയം ഇമാം