ന്യൂഡൽഹി: ഗുജറാത്ത് ആസ്ഥാനമായുള്ള ആറു തട്ടിക്കൂട്ട് രാഷ്ട്രീയ പാർട്ടികൾക്ക് 2023-24 സാമ്പത്തിക വർഷത്തിൽ സംഭാവനയായി ലഭിച്ചത് 1700 കോടി രൂപ. തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തതാണെങ്കിലും ഈ പാർട്ടികൾക്ക് അംഗീകാരമില്ല.
ബി.ജെ.പി ഒഴികെയുള്ള എല്ലാ ദേശീയ പാർട്ടികൾക്കും ലഭിച്ച മൊത്തം സംഭാവനകളേക്കാൾ വലിയ തുകയാണ് ഈ ആറു പാർട്ടികൾക്കും കൂടി ലഭിച്ചത്. സത്യവാദി രക്ഷക് പാർട്ടി, ആം ജൻമത് പാർട്ടി, ഗരീബ് കല്യാൺ പാർട്ടി, സ്വതന്ത്രത അഭിവ്യക്തി പാർട്ടി, ഭാരതീയ നാഷനൽ ജനതാദൾ, ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടി എന്നിവയാണ് ആറ് പാർട്ടികൾ. അഞ്ചു പാർട്ടികൾ അഹ്മദാബാദ് ആസ്ഥാനമായും ഒരെണ്ണം ആനന്ദ് കേന്ദ്രീകരിച്ചുമാണ് പ്രവർത്തിക്കുന്നതെന്ന് രേഖകളിൽ പറയുന്നു. ബി.ബി.സി ഹിന്ദി പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2022-23ൽ 138 കോടി മുതൽ 620 കോടി രൂപ വരെ സംഭാവനയായി ലഭിച്ചിട്ടും ഈ ആറ് പാർട്ടികളും ചേർന്ന് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് ആകെ 15 സ്ഥാനാർഥികളെ മാത്രമാണ്.
ബി.ജെ.പി ഒഴികെ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), നാഷനൽ പീപ്പിൾസ് പാർട്ടി എന്നീ അഞ്ചു ദേശീയ പാർട്ടികൾക്കുമായി 1,480 കോടി രൂപയാണ് ഈ കാലയളവിൽ സംഭാവനയായി ലഭിച്ചത്. കോൺഗ്രസിനു മാത്രം 281 കോടി രൂപ. ഏറെ രസകരം, അംഗീകാരമില്ലാത്ത ആം ജൻമത് പാർട്ടിക്ക് മാത്രം 620 കോടി രൂപ സംഭവനയായി കിട്ടിയിട്ടുണ്ട്. ഈ ആറു പാർട്ടികളിൽ ഏറ്റവും കുറവ് ലഭിച്ചത് ഗരീബ് കല്യാൺ പാർട്ടിക്കാണ് -138 കോടി. സത്യവാദി രക്ഷക് പാർട്ടിക്ക് 330 കോടി രൂപയും ന്യൂ ഇന്ത്യ യുനൈറ്റഡ് പാർട്ടിക്ക് 200 കോടി രൂപയും ലഭിച്ചു.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ അഞ്ച് ദേശീയ പാർട്ടികൾ ചേർന്ന് 893 സ്ഥാനാർഥികളെ നിർത്തിയപ്പോൾ, ഗുജറാത്ത് ആസ്ഥാനമായുള്ള ആറ് പാർട്ടികൾ ആകെ നിർത്തിയത് 15 സ്ഥാനാർഥികളെ മാത്രമാണ്. 2019-20 നും 2023-24നും ഇടയിൽ ഗുജറാത്തിലെ 10 ‘അജ്ഞാത പാർട്ടി’കൾക്ക് 4,300 കോടി രൂപ സംഭാവനയായി ലഭിച്ചതായി 2025 ആഗസ്റ്റിൽ ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പാർട്ടികൾക്ക് എങ്ങനെയാണ് ആയിരക്കണക്കിന് കോടി രൂപ ലഭിച്ചതെന്നും ആ പണം എവിടേക്ക് പോയെന്നതിലും കൃത്യമായ ഉത്തരമില്ല. തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ സ്വീകരിക്കുന്നതിന് തടസ്സങ്ങളില്ല. സംഭാവന നൽകുന്നവർക്കും രാഷ്ട്രീയ പാർട്ടികൾക്കും നികുതി ഇളവുകളും ലഭിക്കും. ചില സംഭാവനകൾ ആദായനികുതി വകുപ്പ് പരിശോധിക്കുകയും ചില ദാതാക്കളിൽ നിന്ന് പണത്തിന്റെ ഒരു ഭാഗം നികുതിയായി ഈടാക്കുകയും ചെയ്തിട്ടുണ്ടെന്നും ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു.