പോപ്കോണിന് ‘തീ’വില,തിയറ്ററുകളിൽ റെയ്ഡ്

കൊച്ചി∙ തിയറ്ററുകളിലെ കഫേകളിൽ അന്യായവില ഈടാക്കുന്നുവെന്ന പരാതിക്ക് പിന്നാലെ എറണാകുളം നഗരത്തിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ റെയ്ഡ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ സപ്ലൈ ഓഫിസർ, ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷ ഓഫിസർ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്കൊച്ചിയിലെ വിവിധ തിയറ്ററുകളിലെ കഫേകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധനയിൽ സംഘം കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ച് നിയമപ്രകാരമാണ് വിൽപന നടത്തുന്നതെങ്കിലും പോപ്‌കോൺ, ശീതള പാനീയങ്ങൾ എന്നിവയുടെ വില പൊതുവിപണിയിലേതിനേക്കാൾ 5 ഇരട്ടി കൂടുതലാണെന്ന് റെയ്ഡിൽ മനസ്സിലായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവം സർക്കാരിനെ അറിയിക്കുമെന്നും ഇതുസംബന്ധിച്ച് തിയറ്റർ മാനേജ്മെന്റിന് നോട്ടിസ് നൽകിയെന്നും സംഘം വ്യക്തമാക്കി. വിലയിൽ മാറ്റം വരുത്താൻ കർശന നിർദേശം നൽകുകയും ചെയ്തു. വില വിവര പട്ടിക നിർദിഷ്ട രീതിയിൽ പ്രവർത്തിപ്പിക്കാത്ത കഫേക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. സൗജന്യ കുടിവെള്ളം പല തിയറ്ററുകളും ആരും കാണാത്ത സ്ഥലത്താണ് തയാറാക്കി വച്ചിട്ടുളളതെന്നും സംഘം കണ്ടെത്തി. രാവിലെ 11 മണിക്ക് ആരംഭിച്ച റെയ്ഡ് വൈകിട്ട് 4 മണി വരെ നീണ്ടു. വരും ദിവസങ്ങളിൽ കൂടുതൽ തിയറ്ററുകളിൽ പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *