കണ്ണൂർ ∙ പാർട്ടിയിൽ ശുദ്ധീകരണം അനിവാര്യമാണെന്നും അണികൾ പറയുന്നതുകേട്ട് തിരുത്തണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. സിപിഎം ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് മോട്ടർ സൈക്കിൾ ഡയറീസിന്റെ ആദ്യ എപ്പിസോഡിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള കാരണങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. സ്വതന്ത്രവും ഉള്ളുതുറന്നുമുള്ള ചർച്ചയിലൂടെ പാർട്ടി അംഗങ്ങൾ അവർക്കു തോന്നിയ സംശയങ്ങൾ തുറന്നടിച്ചിട്ടുണ്ട്. അംഗങ്ങൾക്കു പറയാനുള്ളതു കേട്ടുള്ള തെറ്റുതിരുത്തൽ പ്രക്രിയയാണു പാർട്ടി ആരംഭിച്ചിട്ടുള്ളത്. ഇതു തുടരും. രാഷ്ട്രീയസ്വാധീനത്തിൽ ഇടതുപക്ഷം പിന്നിലേക്കു പോയി. അതെന്തുകൊണ്ടാണെന്നു പരിശോധിക്കണം.
രാഷ്ട്രീയ സംഘടനാ പ്രവർത്തനം നടത്തുന്നതിലും പാർട്ടി പിന്നാക്കം പോയിട്ടുണ്ട്. ഇതു പരിഹരിച്ചു മുന്നോട്ടുപോയാൽ ഇടതുമുന്നണിക്കു നല്ല ഭാവിയുണ്ട്. വി.കുഞ്ഞിക്കൃഷ്ണൻ, ടി.കെ.ഗോവിന്ദൻ, ജി.സുധാകരൻ എന്നിവർ പാർട്ടിയിൽനിന്നു പോയതു സിപിഎം ഗൗരവത്തോടെ പരിശോധിക്കണമെന്നും പി.ജയരാജൻ പറഞ്ഞു.
∙ അണികൾക്കു പറ്റിയ പിഴവെന്ന് വി.ശിവൻകുട്ടി
നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവിക്കു കാരണം പാർട്ടി അണികൾക്കു പറ്റിയ പിഴവാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി.ശിവൻകുട്ടി. തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കാര്യങ്ങൾ ഓരോ മണ്ഡലത്തിലെയും പ്രത്യേകത അനുസരിച്ച് നേതാക്കൾ പറയുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പാർട്ടി പ്രവർത്തകരെ കുറ്റപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടി എന്നത് നേതാക്കളും പ്രവർത്തകരും ഉൾപ്പെട്ടതാണെന്നും പ്രവർത്തകരില്ലാതെ പാർട്ടി ഇല്ലെന്നുമായിരുന്നു മറുപടി.
∙സിപിഎം വിശാല സംസ്ഥാന സമിതി 13ന്
ഈ മാസം 13ന് കോഴിക്കോട് ആരംഭിക്കുന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര നേതൃത്വത്തിൽ നിന്ന് ജനറൽ സെക്രട്ടറിയടക്കം 5 പേർ നിരീക്ഷകരായി പങ്കെടുക്കും. ജനറൽ സെക്രട്ടറി എം.എ. ബേബിക്കു പുറമേ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അശോക് ധാവ്‍ളെ, ബി.വി.രാഘവുലു, വിജു കൃഷ്ണൻ, കെ.ബാലകൃഷ്ണൻ എന്നിവരാണ് എത്തുന്നത്.