വൃക്കരോഗം തടയൂ..കരുതലെടുക്കൂ…

പല രോഗങ്ങളും ആരംഭിക്കുമ്പോൾതന്നെ ശരീരം അതിന്റെ സൂചനകൾ നൽകാറുണ്ട്. എന്നാൽ വൃക്കരോഗം നിശ്ശബ്ദമായാണ് കടന്നുവരാറ്. വർഷങ്ങളോളം ഇത് ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കില്ല. രക്തസമ്മർദം നിയന്ത്രിക്കുക, രക്തം അരിക്കുക, മെറ്റബോളിക് വേസ്റ്റ് നീക്കം ചെയ്യുക, ഫ്ലൂയിഡിന്റെയും ഇലക്ട്രോലൈറ്റുകളുടെയും സന്തുലനം തുടങ്ങി നിരവധി ജോലികൾ വൃക്കകൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയാണ്. ദിവസേനയുള്ള ചില ശീലങ്ങൾ വൃക്കകൾക്ക് അമിതഭാരം ഉണ്ടാക്കും. ചിലപ്പോൾ അത് ഉപ്പ് കൂടിയ ഭക്ഷണമോ ഒരു വേദനസംഹാരിയോ ആകാം. ഇത് ആവർത്തിക്കുമ്പോൾ പ്രശ്നമാകും. ഇത്തരത്തിൽ വൃക്കകൾക്ക് ദോഷം വരുത്തുന്ന ചില ശീലങ്ങളെ അറിയാം.

ഒരു തലവേദനയോ മുട്ടു വേദനയോ നടുവേദനയോ വന്നാലുടൻ വേദനസംഹാരികൾ കഴിക്കുന്നത് പലരുടേയും ഒരു ശീലമാണ്. എന്നാൽ ഇടയ്ക്കിടെ ചില മരുന്നുകൾ ഉപയോഗിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും. നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫ്ലമേറ്ററി മരുന്നുകൾ (NSAIDS) അതായത് ഇബുപ്രോഫൻ, നാപ്രോക്സൽ തുടങ്ങിയവയുടെ ഇടയ്ക്കിടെയുള്ള ഉപയോഗം ഇത് വൃക്കയിലൂടെയുള്ള രക്തപ്രവാഹം കുറയ്ക്കുകയും വൃക്കത്തകരാറിന് കാരണമാകുകയും ചെയ്യും. നിർജലീകരണം ഉള്ളപ്പോഴോ ഛർദി, വയറിളക്കം തുടങ്ങിയവയുള്ള ഏതെങ്കിലും രോഗങ്ങൾ ഉള്ളപ്പോഴോ ഈ മരുന്നുകൾ (NSAIDS) കഴിക്കുന്നത് കൂടുതൽ അപകടകരമാണ്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയും വൃക്കരോഗങ്ങൾ ഉള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. ഒരു പ്രത്യേക അവസ്ഥയ്ക്ക് ഡോക്ടർ നിർദേശിക്കുമ്പോൾ മാത്രം വേദനസംഹാരികൾ കഴിക്കുന്നതാണ് ശരിയായ മാർഗം.

ഉപ്പിന്റെ ഉപയോഗം

അച്ചാർ, സോസ്, ഇൻസ്റ്റന്റ് ന്യൂഡിൽസ്, പായ്ക്കറ്റിൽ ലഭ്യമായ ലഘുഭക്ഷണങ്ങൾ, ഹോട്ടൽ ഭക്ഷണങ്ങൾ ഇവയിലെല്ലാം അമിതമായ അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. പലപ്പോഴും അല്ലാതെ മറ്റൊരു രുചിയും ഇവയ്ക്ക് തോന്നുക പോലുമില്ല. സോഡിയത്തിന്റെ അളവ് കൂടുമ്പോൾ ശരീരം ഫ്ലൂയ്ഡിനെ നിലനിർത്തുകയും രക്തസമ്മർദം ഉയരുകയും ചെയ്യും. ഉയർന്ന രക്തസമ്മർദം രക്തക്കുഴലുകൾക്ക് ക്ഷതം വരുത്തുകയും വൃക്കകൾക്കുള്ളിലെ അരിപ്പകൾക്ക് നാശം വരുത്തുകയും ചെയ്യും. ഒരു പായ്ക്കറ്റ് സ്നാക്ക്സ്, ഒരു ബൗൾ ഇൻസ്റ്റന്റ് ന്യൂഡിൽസ് അല്ലെങ്കിൽ ഹോട്ടൽ ഭക്ഷണം ഇവയെല്ലാം സോഡിയത്തിന്റെ അളവ് കൂട്ടും.

അൾട്രാ പ്രോസസ്ഡ് ഫുഡ്

പായ്ക്കറ്റിൽ ലഭ്യമായ ഭക്ഷണങ്ങൾ ഇടയ്ക്ക് വല്ലപ്പോഴും കഴിക്കുന്നതും അത് ദിവസവും ഉള്ള ശീലമാക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. വളരെയധികം തിരക്കുള്ള ഒരു ദിവസം റെഡി ടു ഈറ്റ് ഭക്ഷണം കഴിച്ചതുകൊണ്ട് വൃക്കത്തകരാർ ഉണ്ടാവുകയില്ല. പായ്ക്കറ്റിൽ ലഭ്യമായ ലഘുഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ, പ്രോസസ് (സംസ്കരിച്ച) ചെയ്ത ഭക്ഷണങ്ങൾ, അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങൾ ഇവയെല്ലാം ഭക്ഷണത്തിൽ പതിവാക്കുന്നതാണ് പ്രശ്നം. ഈ ഭക്ഷണങ്ങളിൽ സോഡിയവും റിഫൈൻഡ് കാർബോഹൈഡ്രേറ്റും വളരെ കൂടുതലാണ്. ഇവയിൽ ധാരാളം കാലറിയും അനാരോഗ്യകരമായ കൊഴുപ്പും ഉണ്ട്. ഈ ഭക്ഷണം പതിവാക്കിയാൽ ക്രമേണ ശരീരഭാരം കൂടുകയും ഇൻസുലിൻ പ്രതിരോധം, ഉയർന്ന രക്തസമ്മർദം ഇവയ്ക്ക് കാരണമാകുകയും ചെയ്യും. ഇവയെല്ലാം വൃക്കകളുടെ ആരോഗ്യം അപകടത്തിലാക്കും. പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് പകരം പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ് വർഗങ്ങൾ, മുഴുധാന്യങ്ങൾ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വൃക്കരോഗം ഉള്ള ആളാണെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണരീതി പിന്തുടരണം. സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ ഇവ ആവശ്യമുള്ള അളവിൽ മാത്രം ശരീരത്തിലെത്താൻ ശ്രദ്ധിക്കാം.

വെള്ളം കുടിക്കാം

ധാരാളം വെള്ളം കുടിക്കണം എന്നത് എല്ലാവരും ഉപദേശിക്കുന്ന ഒന്നാണ്. എന്നാൽ വൃക്കകളുടെ ആരോഗ്യത്തെ സംബന്ധിച്ച് പറയുമ്പോൾ ‘കൂടുതൽ’ എപ്പോഴും ‘നല്ലത്’ ആകണമെന്നില്ല. വൃക്കകൾക്ക് ശരിയായി പ്രവർത്തിക്കാൻ ആവശ്യത്തിന് രക്തപ്രവാഹവും ഫ്ലൂയ്ഡ് ബാലൻസും ആവശ്യമാണ്. നിർജലീകരണം വൃക്കകളിൽ സമ്മർദമുണ്ടാക്കും. പ്രത്യേകിച്ചും ചൂടുള്ള കാലാവസ്ഥയിലും ആയാസമുണ്ടാക്കുന്ന കഠിനവ്യായാമങ്ങൾ ചെയ്യുമ്പോഴും പനി, ഛർദി, വയറിളക്കം ഇവയുണ്ടെങ്കിലും വൃക്കകളിൽ സമ്മർദം ഉണ്ടാകും. അതേസമയം നിർബന്ധപൂർവം നിരവധി ലീറ്റർ വെള്ളം കുടിച്ചതുകൊണ്ട് വൃക്കകൾക്ക് ആരോഗ്യം ഉണ്ടാവണമെന്നില്ല. ഓരോ വ്യക്തിക്കും ആവശ്യമായ വെള്ളത്തിന്റെ അളവ് ഒരാളുടെ ശരീരത്തിന്റെ വലുപ്പം, കാലാവസ്ഥ, ഭക്ഷണം, ആരോഗ്യാവസ്ഥ തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *