തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന അമൃത് ഫാർമസി പദ്ധതി നടപ്പാക്കാനൊരുങ്ങി നഗരസഭ. കേന്ദ്ര പൊതമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയറുമായി സഹകരിച്ചുള്ള പദ്ധതിയിൽ വിപണി വിലയേക്കാൾ 50 ശതമാനം വരെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാനാണ് തീരുമാനം.
സ്ഥിരമായി മരുന്നുകൾ വാങ്ങേണ്ടിവരുന്നവർക്ക് ചികിത്സാ ചെലവ് കുറയ്ക്കാൻ പദ്ധതി സഹായകരമാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഇത് പ്രയോജനമാകും. നഗരസഭയുടെ പരിധിയിലെ എല്ലാ വാർഡുകളിലുള്ളവർക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഇതിനായി 1.5 കോടി രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യപരിചരണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകൾ ലഭ്യമാക്കുന്നതിനായി ഹിന്ദ് ലാബ് പദ്ധതിയും ഇതിനോടൊപ്പമുണ്ട്. നിലവാരമുള്ള പരിശോധനാ സൗകര്യങ്ങൾ താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
വിലകൂടിയ സ്‌കാനിങ് പരിശോധനകൾക്ക് ആശ്വാസമായി നഗരസഭയുടെ സ്‌കാൻ സെന്ററും പ്രവർത്തനം ആരംഭിക്കും. നിലവിലെ വിപണി നിരക്കിന്റെ പകുതി നിരക്കിലായിരിക്കും സ്‌കാനിങ് സേവനം ലഭ്യമാക്കുക.
50 ശതമാനം വിലക്കുറവിൽ ഇനി മരുന്നുകൾ വാങ്ങാം, ചികിത്സാ ചെലവ് പകുതിയാക്കാം, ഒന്നരക്കോടിയുടെ പദ്ധതി