ഈ ഷ‌ർട്ടിട്ട് നടന്നാൽ സിസിടിവി, എഐ ക്യാമറകൾക്ക് നിങ്ങളെ കാണാനേ പറ്റില്ല

വീടുകളിലും റോഡിലും പ്രധാന ജംഗ്‌ഷനുകളിലും എന്നുവേണ്ട ചില പറമ്പുകളിൽ വരെ സിസിടിവി, എഐ ക്യാമറകളുള്ള ഒരു കാലത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്. പൊതു ഇടങ്ങളിലോ ഒറ്റയ്‌ക്കോ കുടുംബമായോ കഴിയുമ്പോഴോ നമ്മുടെ സുരക്ഷയെ കരുതിയാണ് ഇവയെങ്കിലും ചിലപ്പോഴെങ്കിലും അവ സ്വകാര്യതയെ ലംഘിക്കുന്ന പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. ഇതിന്റെ പ്രശ്‌നങ്ങളെ വളരെയെളുപ്പം മറികടക്കാനുള്ള വഴി കണ്ടെത്തിയതാണ് ഇപ്പോൾ വാർത്ത.
ജർമ്മൻകാരനായ സിമോൺ വെക്കെർട്ട് തയ്യാറാക്കിയ ഷർട്ട് ധരിച്ചാൽ നിങ്ങളും ‘അപ്രത്യക്ഷനാകും’. മനുഷ്യരുടെ മുന്നിൽ നിന്നല്ല, എഐ, സിസിടിവി ക്യാമറകളുടെ കണ്ണിൽനിന്ന്. ഒരൊറ്റ എഐ ക്യാമറകൾക്ക് പോലും നിങ്ങളെ മനസിലാകില്ല. ഇതെങ്ങനെ സാധിച്ചു എന്നതാണ് കൗതുകം.
പുത്തൻ കലാവിരുതിലുള്ള ഷർട്ടാണെന്നേ ആദ്യം ഈ ഷർട്ട് കണ്ടാൽ തോന്നൂ. എന്നാൽ സംഗതി അങ്ങനെയല്ല. ഡിജിറ്റൽ ക്യാമഫ്‌ളേജ്‌ എന്നുപേരുള്ള ഈ ഷർട്ടിലെ പച്ച, പിങ്ക്, ഓറഞ്ച് നിറങ്ങളിലെ അസാധാരണമായ പാറ്റേണുകൾ എഐയെ പറ്റിക്കാനുള്ളതാണ് എന്നതാണ് സത്യം. സാധാരണഗതിയിൽ എഐ ക്യാമറ സംവിധാനത്തിൽ കാണുന്ന ഒരാളുടെ ചുറ്റും പച്ചകളത്തിൽ പേഴ്‌സൺ എന്ന് കാണുന്നതാണ് എഐ ക്യാമറയിലെ രീതി. എന്നാൽ വെക്കെർട്ട് പങ്കുവച്ച ചിത്രത്തിൽ അദ്ദേഹം തയ്യാറാക്കിയ ഷർട്ട് ധരിച്ചയാളെ കളത്തിനുള്ളിൽ കാണിക്കാൻ എഐ ക്യാമറ സംവിധാനത്തിന് കഴിയുന്നില്ല. ഷർട്ട് മാറ്റിയ ശേഷം നോക്കിയാൽ കൃത്യമായി പച്ച കളവും എഴുത്തും പ്രത്യക്ഷപ്പെടുന്നുണ്ടുതാനും.
ജർമ്മനിയിൽ ബർലിനടക്കം പ്രധാന നഗരങ്ങളിൽ പൊതുസ്ഥലങ്ങളിൽ ജനങ്ങളുടെ നീക്കം മനസിലാക്കാൻ എഐ സാങ്കേതിക വിദ്യയിലുള്ള ക്യാമറകൾ രംഗത്തിറക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇവയുടെ ക്ഷമത പരീക്ഷിക്കാനാണ് സിമോൺ വെക്കെർട്ട് ഡിജിറ്റൽ ക്യാമഫ്‌ളാജ് ഷർട്ട് ധരിച്ച് പൊതുഇടത്തിലെത്തിയത്.
നമ്മൾ മനുഷ്യർ മറ്റൊരു മനുഷ്യനെ കണ്ട് മനസിലാക്കുംപോലെ എഐക്ക് ഒരാളെ തിരിച്ചറിയാൻ കഴിവില്ല. നൂറുകണക്കിന് ചിത്രങ്ങൾ ചേർത്തുള്ള പാറ്റേൺ മനസിലാക്കിയാണ് ഇതൊരു മനുഷ്യനാണ് എന്ന് എഐ ക്യാമറകൾ തിരിച്ചറിയുന്നത്. ഒരാളെ കാണുമ്പോൾ എഐ ക്യാമറ ശരീരത്തിന്റെ ആകൃതി, വശങ്ങൾ, നിറം, ഘടന ഇവയെല്ലാം വിശകലനം ചെയ്‌താണ് അതൊരു മനുഷ്യനാണെന്ന് തിരിച്ചറിയുന്നത്. ഡിജിറ്റൽ ക്യാമഫ്‌ളാജ്‌ ധരിച്ച ഒരാൾ നിൽക്കുമ്പോൾ ക്യാമറ ഇതിലെ കടുംനിറങ്ങളെ വിശകലനം ചെയ്യും. അവയിലെ രൂപങ്ങൾ അതൊരു മനുഷ്യശരീരമാണെന്ന് ക്യാമറ സിസ്റ്റത്തിന് മനസിലാക്കാൻ കഴിയാതെ പോകുന്നു.
ഈ പ്രത്യേക ഷർട്ട് രൂപകൽപന ചെയ്‌തതിന് വെക്കെർട്ട് എഐ സഹായം തേടിയിട്ടുമുണ്ട്. എഐയ്‌ക്ക് അദ്ദേഹം ഓരോ പാറ്റേണുകൾ നൽകി. ഇവ എത്രയെളുപ്പം തിരിച്ചറിയുമെന്ന് മനസിലാക്കി. ‘അഡ്‌വേഴ്‌സറിയൽ ലൂപ്പ്’ എന്നാണ് ഈ രീതിക്ക് അദ്ദേഹം നൽകിയ പേര്. എഐ സൃഷ്‌ടിക്കുന്ന പാറ്റേൺ ഡിറ്റക്ഷൻ സംവിധാനത്തിന് എത്രത്തോളം മനസിലാകും എന്ന് നോക്കി. ശേഷം എഐക്ക് മനസിലാകാത്ത തരം പാറ്റേൺ ആകുംവരെ അത് മാറ്റി. ഇതേ രൂപകൽപനയിലുള്ള ഷർട്ട് ആളുകൾ ധരിച്ചപ്പോൾ എഐ മനസിലാക്കുന്നില്ല എന്ന് കണ്ടെത്തി.
എന്നാൽ എല്ലാ ആധുനിക എഐ, സിസിടിവി ക്യാമറകളും ഈ ഷർട്ട് ധരിച്ചവരെ തിരിച്ചറിയില്ല എന്ന് സിമോൺ വെക്കെർട്ട് പറയുന്നില്ല. നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള മാർഗം പറഞ്ഞുതരാനല്ല മറിച്ച് എഐ വിഷൻ സാങ്കേതികവിദ്യയുടെ ഒരു ദൗർബല്യം വെളിപ്പെടുത്തുക മാത്രമാണ് തന്റെ ഷർട്ട് കൊണ്ടുള്ള ലക്ഷ്യമെന്ന് വെക്കെർട്ട് സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *