കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഉൾനാടൻ മത്സ്യബന്ധന മേഖല കടുത്ത വറുതിയുടെ പിടിയിലേക്ക്. കായലിൽ പരമ്പരാഗതമായി കണ്ടുവന്നിരുന്ന മത്സ്യങ്ങൾ അന്യംനിന്നു പോകുന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ വലിയ ആശങ്കയിലാക്കുന്നു. കരിമീൻ, കൊലാൻ, പ്രാച്ചി, കണമ്പ്, പൂമീൻ തുടങ്ങിയ പ്രമുഖ മത്സ്യഇനങ്ങളാണ് കായലിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.
കിട്ടാക്കനിയായി കരിമീൻ
മുൻകാലങ്ങളിൽ പരമ്പരാഗത മത്സ്യങ്ങളുടെ അക്ഷയഖനിയായിരുന്ന പള്ളിക്കലാറ്റിലും കൊതിമുക്ക് വട്ടക്കായലിലും ഇന്ന് കരിമീൻ ലഭ്യത ഗണ്യമായി കുറഞ്ഞു. തുലാവർഷം കഴിയുമ്പോൾ വട്ടക്കായലിന് തെക്കുവശത്ത് ചവറ ഭാഗത്തേക്ക് തിരിയുന്നിടത്ത് കരിമീൻ ചാകര പതിവായിരുന്നു. എന്നാൽ, കായൽ ജലത്തിന്റെ ഘടനയിലുണ്ടായ മാറ്റങ്ങൾ കാരണം കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ കരിമീൻ ചാകര കാണാനില്ല.
ഭീഷണിയായി കുളവാഴയും മാലിന്യങ്ങളും
കായലിലെ ഓക്സിജന്റെ അളവ് കുറയുന്നതും ഫാക്ടറികളിൽ നിന്ന് ഒഴുകിയെത്തുന്ന ആസിഡ് കലർന്ന വെള്ളവുമാണ് പ്രധാന തിരിച്ചടിയാകുന്നത്. വട്ടക്കായലിലും പള്ളിക്കലാറ്റിലും നിറഞ്ഞുനിൽക്കുന്ന കുളവാഴകളും പോളപ്പായലും അടിത്തട്ടിലേക്ക് ഓക്സിജൻ ഇറങ്ങുന്നത് തടയുന്നു. ഇതുമൂലം കരിമീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ മറ്റ് ഭാഗങ്ങളിലേക്ക് ചേക്കേറുകയാണ്. കൂടാതെ, ചതുപ്പുമാലിന്യങ്ങളും ചാക്കുകളിൽ കെട്ടിത്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞുകൂടി കായലിന്റെ ആഴം പലയിടത്തും ഒരു മീറ്ററിൽ താഴെയായി ചുരുങ്ങി.
നടപടി വേണം
പ്രസിദ്ധമായ ശ്രീനാരായണ ട്രോഫി ജലോത്സവം നടക്കുന്ന പള്ളിക്കലാറ്റിലെ ഈ അവസ്ഥയിൽ ഫിഷറീസ് വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീഡ് ഹാർവസ്റ്റിംഗ് മെഷീൻ ഉപയോഗിച്ച് പായലുകളും മാലിന്യങ്ങളും നീക്കം ചെയ്യാൻ കരുനാഗപ്പള്ളി നഗരസഭയും സമീപ പഞ്ചായത്തുകളും മുന്നോട്ടുവരണമെന്നും, കായലിലെ ഓക്സിജൻ കുറവിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി പരിഹാരം കാണണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.