ന്യൂഡല്‍ഹി: ഗ്രാമീണമേഖലകളില്‍ എല്‍.പി.ജി. സിലിണ്ടര്‍ ബുക്ക് ചെയ്യാനുള്ള ഇടവേള 45 ദിവസത്തില്‍നിന്ന് 25 ദിവസമായി കുറച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ, യു.എസ്-ഇറാന്‍ യുദ്ധത്തേത്തുടര്‍ന്ന്, നഗരമേഖലകളില്‍ എല്‍.പി.ജി. ബുക്കിങ് ഇടവേള 25 ദിവസവും ഗ്രാമീണമേഖലകളില്‍ 45 ദിവസവുമാക്കിയിരുന്നു. പുതിയ പ്രഖ്യാപനത്തോടെ, ഇക്കാര്യത്തില്‍ ഗ്രാമ-നഗരവ്യത്യാസമില്ലാതായി.
എല്‍.പി.ജി. വിതരണകാര്യത്തില്‍ സാഹചര്യം മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്നതെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മാറ്റം അടിയന്തരമായി നടപ്പാക്കാന്‍ എണ്ണ വിതരണക്കമ്പനികള്‍ക്കു നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും മന്ത്രി പങ്കുവച്ചു.
എല്‍.പി.ജി. വാണിജ്യ സിലിണ്ടര്‍ വിതരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. യുദ്ധത്തേത്തുടര്‍ന്ന് ഗാര്‍ഹിക എല്‍.പി.ജി. സിലിണ്ടര്‍ വില കഴിഞ്ഞ മാര്‍ച്ചില്‍ 60 രൂപയും ജൂണില്‍ 29 രൂപയും വര്‍ധിപ്പിക്കുകയും ചെയ്തു.
ഗ്രാമീണമേഖലയിലും എല്‍.പി.ജി. ബുക്കിങ് ഇടവേള 25 ദിവസമാക്കി