
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഇന്ന് അവരിപ്പിച്ച സി ജോസഫ് വിജയ്യുടെ ആദ്യ ബഡ്ജറ്റിലാണ് പ്രഖ്യാപനം. നിലവിലെ കരാറുകള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ജലനിരപ്പ് ഉയര്‍ത്തുമെന്ന് ധനമന്ത്രി എന്‍ മേരി വില്‍സണ്‍ വ്യക്തമാക്കി.
അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യം തമിഴ്‌നാട് ഏറെക്കാലമായി ഉന്നയിച്ചുവരുന്നതാണ്. നിലവില്‍ അനുവദിച്ചിരിക്കുന്ന പരിധിയില്‍ നിന്ന് കൂടുതല്‍ ജലം സംഭരിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കാനാണ് പുതിയ നീക്കം. ഇതിനായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബഡ്ജറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം കേരളത്തിന്റെ ആശങ്കവര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ സുരക്ഷ ചൂണ്ടിക്കാട്ടി ജലനിരപ്പ് ഉയര്‍ത്തുന്നതിനെ തുടക്കംമുതല്‍ എതിര്‍ത്തിരുന്ന കേരളത്തിന് ഇത് തിരിച്ചടിയാകും. പഴക്കമേറിയ അണക്കെട്ടായതിനാല്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന നിലപാടിലാണ് സംസ്ഥാനം. എന്നാല്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ആവശ്യമായ ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതെന്നുമാണ് തമിഴ്‌നാടിന്റെ വാദം.
നേരത്തെ അണക്കെട്ടിലെ തലനിരപ്പ് 142 അടിയിലേയ്ക്ക് ഉയര്‍ത്താനുള്ള അനുമതി സുപ്രീംകോടതി തമിഴ്‌നാടിന് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം ആശങ്കയറിയച്ചതോടെ ഇത് 136 അടി എന്നതില്‍ പരിമിതപ്പെടുത്തുകയായിരുന്നു. നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജനനിരപ്പ് ഉയര്‍ത്തുന്നതടക്കുമുള്ള നടപടികളിലേയ്ക്ക് ഉടന്‍ വിജയ് സര്‍ക്കാര്‍ കടക്കുമെന്നാണ് സൂചന. അതേസമയം, തമിഴ്‌നാടിന്റെ പ്രഖ്യാപനത്തില്‍ കേരളസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.