ആലപ്പുഴ: കൊല്ലത്ത് സ്വകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതിയായ യുവതി പിടിയിൽ. കൊല്ലം മയ്യനാട് ദവളക്കുഴി സ്വദേശി ലക്ഷ്മിയെയാണ് (27) ആലപ്പുഴ ഷാഡോ പൊലീസ് ടീം പിടികൂടിയത്.
ഒരാഴ്‌ചയായി ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. 2025 നവംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം ഉളിയക്കോവിലിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെത്തി ലക്ഷ്‌മിയും സുഹൃത്ത് അരുണും 21.19 ഗ്രാം തൂക്കമുള്ള വളയും കൈച്ചെയിനും പണയം വച്ചിരുന്നു. ഉരുപ്പടികൾ തിരിച്ചെടുക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ഉടമ പരിശോധിച്ചപ്പോൾ ഇവ മുക്കുപണ്ടം ആണെന്ന് മനസിലായി. തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് വനിതാ സ്റ്റേഷൻ എസ്.ഐ ലിൻസിയുടെ നേതൃത്വത്തിൽ ഷാഡോ ടീമായ വിപിൻ ദാസ്, ആർ.ശ്യാം, വി.ജി.ബിജു, ബിനോയ് ജോർജ്, ബിപിൻ ബഷീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.