പത്തനംതിട്ട: കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചാൽ ആട്ടിൻകുട്ടി ഫ്രീ! സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലെ കുട്ടികൾക്ക് പഠനത്തിന് പണം കണ്ടെത്താൻ സ്കൂൾ ആട്ടിൻകുട്ടികളെ നൽകും. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അദ്ധ്യാപകരാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു പെൺ ആട്ടിൻകുട്ടിയെയോ ആടിനെ വാങ്ങാനുള്ള തുകയോ സ്‌കൂളിന് തിരികെ നൽകണമെന്നതാണ് വ്യവസ്ഥ.
ഒന്നാംക്ളാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള നിർദ്ധനരായ കുട്ടികൾക്ക് ആടിനെ നൽകും. 2023ൽ പത്തുപേർക്ക് ആട്ടിൻകുട്ടികളെ നൽകിയാണ് തുടങ്ങിയത്. മൂന്നുവർഷം കൊണ്ട് മുപ്പതോളം കുട്ടികൾക്ക് നൽകി.
അദ്ധ്യാപകർ കുട്ടികളുടെ വീടുകളിലെത്തി സാഹചര്യം മനസിലാക്കിയാണ് അർഹതയുള്ള കുട്ടികളെ കണ്ടെത്തുന്നത്. അട്ടത്തോട്, മഞ്ഞത്തോട് ആദിവാസി ഉന്നതികളിൽ നിന്നുള്ള 182 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.