‘എഡിസിയായപ്പോൾ വിവാഹം പോലും വേണ്ടെന്ന് വച്ചു’; വിരമിച്ചതിന്റെ കാരണം വ്യക്തമാക്കി ഋഷഭ് സിംഗ് സാംബ്യാൽ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്) ആയി സേവനമനുഷ്ഠിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ മേജർ ഋഷഭ് സിംഗ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് അടുത്തിടെയാണ് വിരമിച്ചത്. ഏകദേശം 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. ഇപ്പോഴിതാ അദ്ദേഹം കഴിഞ്ഞദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഡ്യൂട്ടികളെക്കുറിച്ചും വിരമിച്ചതിന്റെ കാരണവും അദ്ദേഹം ഇതിൽ വ്യക്തമാക്കുന്നു.
‘ഫ്രഞ്ച് ഭാഷയിൽ നിന്ന് എയ്ഡ്-ഡി-ക്യാമ്പ് എന്ന പദം എടുത്തിരിക്കുന്നത്. രാഷ്ട്രപതിയുടെ എല്ലാ ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങൾ നിർവഹിക്കുന്നതാണ് എഡിസിമാരുടെ ഡ്യൂട്ടി. രാഷ്ട്രപതിയുടെ ദിവസവുമുള്ള പരിപാടികളുടെ പ്രോട്ടോക്കോൾ നിയന്ത്രിക്കുക, ആശയവിനിമയം ഏകോപിപ്പിക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. എഡിസിമാർക്ക് ആരെയും പൂർണമായി വിശ്വസിക്കാൻ കഴിയില്ല. രാഷ്ട്രപതിയുടെ സുരക്ഷയും അന്തസും നിലനിർത്താനാണ് എഡിസിമാർ ശ്രമിക്കുന്നത്.
രാഷ്ട്രപതിയുടെ എഡിസി ആയി എന്നെ തിരഞ്ഞെടുത്തപ്പോൾ ആദ്യതവണ രാഷ്ട്രപതിയെ കണ്ടപ്പോൾ എന്റെ അമ്മ നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ മൂന്ന് വ‌ർഷവും ഞാൻ രാഷ്ട്രപതിയുടെ കൂടെയായിരുന്നു. രാഷ്ട്രപതി വളരെ നല്ലരീതിയിലാണ് ഞങ്ങളോട് എല്ലാം പെരുമാറിയിരുന്നത്. എന്റെ അമ്മയുടെ ഒപ്പം ഉള്ളതിനെക്കാൾ കൂടുതൽ സമയം ചെലവഴിച്ചത് രാഷ്ട്രപതിക്കൊപ്പമാണ്.
ഈ പ്രായത്തിൽ തന്നെ വിരമിക്കാൻ ഒരു കാരണമുണ്ട്. ഒരു മകൻ എന്ന രീതിയിൽ കുടുംബത്തിൽ കുറച്ച് ഉത്തരവാദിത്തങ്ങൾ ഉണ്ട്. അതിനെക്കുറിച്ച് ഞാൻ അധികം ചിന്തിച്ചില്ല. ഇനി അത് നിറവേറ്റാനുള്ള സമയമാണ്. ഇത്രയും വർഷങ്ങൾ രാജ്യത്തെ സേവിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.
എഡിസി ആവാൻ ഞാൻ ചെയ്ത ത്യാഗമാണ് കല്യാണം. ഞാൻ കല്യാണം കഴിക്കാത്തതിന് കാരണം എഡിസി ആയതിനാലാണ്. പുറത്ത് ഒരു ജീവിതം എനിക്കില്ലായിരുന്നു. സാധാരണ ജനങ്ങളെ പോലെ പുറത്തുപോകാൻ എനിക്ക് കഴിയില്ല. പക്ഷേ എനിക്ക് ഒറ്റപ്പെടൽ അധികം അനുഭവപ്പെട്ടിട്ടില്ല. ആ ഒറ്റപ്പെടൽ ഞാൻ പോസിറ്റീവാണ് എടുക്കും. എല്ലാ ദിവസവും ഒരു മണിക്കൂർ എങ്കിലും ഞാൻ ഒറ്റയ്ക്ക് ആകാറുണ്ട്. ആ സമയങ്ങളിൽ ഞാൻ പുതിയകാര്യങ്ങൾ പഠിക്കും’- ഋഷഭ് സിംഗ് സാംബ്യാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *