ഇന്ത്യയ്ക്ക് 225 ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ പ്ലൂട്ടോണിയം ഉണ്ടായിരിക്കുമെന്ന് യു എസ് പഠനം

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യയുടെ കൈവശം 140 മുതൽ 225 വരെ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ പ്ലൂട്ടോണിയം ഉണ്ടാകുമെന്നും, അതിൽ 190 പോർമുനകൾ വരെ രാജ്യത്ത് കൂട്ടിച്ചേർത്തിട്ടുണ്ടാകാമെന്നും ഒരു യുഎസ് പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ നയരൂപീകരണ തിങ്ക് ടാങ്കിന്റെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇന്ത്യയുടെ നിലവിലുള്ള 160 പോർമുനകൾക്ക് പുറമേയാണ് പുതിയ മിസൈലുകൾക്കായുള്ള കുറഞ്ഞത് 30 പോർമുനകൾ കൂടി ചേർത്തത്.
‘ഇന്ത്യയുടെ ആണവായുധങ്ങൾ – 2026’ എന്ന തലക്കെട്ടിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നിലവിലുള്ള ആണവ ശേഷിയുള്ള വിമാനങ്ങൾ, കരയിൽ നിന്നു തൊടുവക്കുന്ന വികസന സംവിധാനങ്ങൾ, കടലിൽ നിന്നുള്ള സംവിധാനങ്ങൾ എന്നിവയ്ക്ക് പകരമായോ അവയോടൊപ്പം ചേർത്തോ പുതിയ ആയുധ സംവിധാനങ്ങൾ ഇന്ത്യ വിന്യവിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തിന്റെ ആയുധ ശേഖരം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റുകളുടെ (Federation of American Scientists) റിസർച്ച് ഡയറക്ടർ ഹാൻസ് എം ക്രിസ്റ്റെൻസൺ, അസോസിയേറ്റ് ഡയറക്ടർ മാറ്റ് കോർഡ, റിസർച്ച് ആൻഡ് പ്രോജക്റ്റ് മാനജർമാരായ മക്കെൻസി നൈറ്റ്-ബോയിൽ, എലിയാന ജോൺസ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.
ആണവ ശേഷിയുള്ള രണ്ട് യുദ്ധവിമാനങ്ങൾ, ആറ് കരസേനാ ബാലിസ്റ്റിക് മിസൈലുകൾ, ഒരു നാവികസേനാ ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ 9 ആണവായുധ സംവിധാനങ്ങൾ ഇന്ത്യ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നുണ്ട്. കൂടാതെ, രണ്ട് പുതിയ സംവിധാനങ്ങൾകൂടി അന്തിമഘട്ടത്തിലാണ്. ഇന്ത്യ ആണവായുധ ശേഖരത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാറില്ല. അതിനാൽ സർക്കാർ പ്രസ്താവനകൾ, ഡിക്ലാസിഫൈഡ് രേഖകൾ, മാധ്യമ റിപ്പോർട്ടുകൾ, തിങ്ക് ടാങ്ക് വിശകലനങ്ങൾ, വാണിജ്യ സാറ്റലൈറ്റ് ചിത്രങ്ങൾ തുടങ്ങിയ വിവിധ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്.
ഉയർന്ന സമ്പുഷ്ടീകരിച്ച യുറേനിയവും ആയുധ നിലവാരത്തിലുള്ള പ്ലൂട്ടോണിയവും ഉത്പാദിപ്പിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആണവ അന്തർവാഹിനികൾക്കായുള്ള ഇന്ധനം നിർമ്മിക്കുന്നതിനാണ് പ്രധാനമായും സമ്പുഷ്ടീകരണം നടത്തിയ യുറേനിയം ഉപയോഗിക്കുന്നത്. മുംബൈയ്ക്ക് അടുത്തുള്ള ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ100 മെഗാവാട്ടിന്റെ ‘ധ്രുവ്’ റിയാക്ടറാണ് ഇന്ത്യയുടെ പ്ലൂട്ടോണിയം സ്രോതസ്സ്. കൂടാതെ 2010 വരെ സൈറസ് റിയാക്ടറും ഇതിനായി ഉപയോഗിച്ചിരുന്നു.
കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി അറ്റോമിക് റിസർച്ച് സെന്ററിന് സമീപമുള്ള പുതിയ 500 മെഗാവാട്ടിന്റെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ 2026 ഏപ്രിലിൽ പ്രവർത്തനമാരംഭിച്ചു. ഇത് പ്രതിവർഷം ഏകദേശം 140 കിലോഗ്രാം പ്ലൂട്ടോണിയം-239 ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. ഇത് 35 ആണവായുധങ്ങൾ വരെ നിർമ്മിക്കാൻ ധാരാളമാണ്. ഭാവിയിൽ കൂടുതൽ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ കൂടി വരുന്നത് ഇന്ത്യയുടെ പ്ലൂട്ടോണിയം ശേഖരം വർദ്ധിപ്പിക്കും.
എങ്കിലും, ലഭ്യമായ എല്ലാ പ്ലൂട്ടോണിയവും ഇന്ത്യ ആയുധ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടാകില്ലെന്നും ചിലത് കരുതൽ ശേഖരമായി സൂക്ഷിച്ചിട്ടുണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിശ്വസനീയമായ മിനിമം ഡിറ്ററൻസും, ആണവായുധങ്ങൾ ആദ്യം പ്രയോഗിക്കില്ല എന്ന നയവുമാണ് ഇന്ത്യ തുടരുന്നത് എന്ന് മോദി സർക്കാർ അടുത്തിടെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. പാകിസ്താന്റെ കൈവശവും ഏകദേശം 170-ഓളം ആണവായുധങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *