പോപ്പ്‌കോണിന് തൂക്കം കുറവ്, ഐസ്‌ക്രീമില്‍ മുടി… മള്‍ട്ടിപ്ലക്‌സുകളില്‍ വ്യാപക പരിശോധന; 25 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു

തിരുവനന്തപുരം/കൊല്ലം: സംസ്‌ഥാനത്തെ മള്‍ട്ടിപ്ലക്‌സുകളിലെ ഭക്ഷണവില്‍പ്പയെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന്‌ വ്യാപക പരിശോധന. വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ഇതുവരെ നടന്ന 35 പരിശോധനകളില്‍ 25 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഇതില്‍ ലീഗല്‍ മെട്രാളജി വകുപ്പ്‌ 15 കേസുകളും ഉപഭോക്‌തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാലുകേസുകള്‍ വീതവും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഭക്ഷ്യസുരക്ഷാ വകുപ്പ്‌ രണ്ടു കേസും രജിസ്‌റ്റര്‍ ചെയ്‌തു.
കൊല്ലത്ത്‌ രണ്ടു തിയറ്ററുകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. പോപ്‌കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കഫറ്റീരിയയിലെ വൃത്തിഹീനമായ അവസ്‌ഥ ചൂണ്ടിക്കാട്ടിയുമാണ്‌ നോട്ടീസ്‌. സ്‌ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തുവെന്നും പിഴ ഈടാക്കി ജില്ലാ കലക്‌ടര്‍ക്ക്‌ അടിയന്തര റിപ്പോര്‍ട്ട്‌ നല്‍കുമെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇതില്‍ ഒരു തിയറ്ററില്‍ ലൈസന്‍സ്‌ ഇല്ലാതെ പ്രവര്‍ത്തിച്ച ഷോപ്പ്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ പൂട്ടിച്ചു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
തിയറ്ററിന്റെ കഫേറ്റീരിയയില്‍നിന്ന്‌ കാലാവധി കഴിഞ്ഞ പാലും പിടിച്ചെടുത്തു. മൂന്നു ദിവസം പഴകിയ പാലാണു പിടിച്ചെടുത്തത്‌. ഇവിടെ ഉപയോഗിച്ചിരുന്ന ഫ്രീസറില്‍ മതിയായ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന്‌ കണ്ടെത്തി. ഇവിടത്തെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഐസ്‌ക്രീമില്‍ മുടിയുടെ അംശവും പ്രാണിയുടെ സാന്നിധ്യവും കാലാവധി കഴിഞ്ഞ പാലും കണ്ടെത്തി. കാലാവധി കഴിഞ്ഞതും അല്ലാത്തതുമായ സാധനങ്ങള്‍ ഒന്നിച്ചു സൂക്ഷിച്ച നിലയിലായിരുന്നു. നടത്തിപ്പുകാരനു കനത്തപിഴ ചുമത്തുന്നതിന്റെ ഭാഗമായി നോട്ടീസ്‌ നല്‍കി. പോപ്‌കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കേസെടുത്തു.
ലീഗല്‍ മെട്രാളജി വകുപ്പ്‌ പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കി. ഇതില്‍ പോപ്‌കോണ്‍, ശീതളപാനീയങ്ങള്‍ എന്നിവയിലെ അളവ്‌ കുറഞ്ഞതിന്‌ നാലു കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് നടപടി സ്വീകരിക്കുന്നതു പരിശോധിച്ചുവരുന്നു.
75 ഗ്രാമിന്റെ പോപ്‌കോണില്‍ 25 ഗ്രാം വരെ കുറവുണ്ടായിരുന്നു. 450 മില്ലിഗ്രാമിന്റെ ശീതള പാനീയത്തില്‍ 35 മി.ഗ്രാം വരെയും കുറവു കണ്ടെത്തി. ത്രാസുകള്‍ കൃത്യത ഉറപ്പുവരുത്തി മുദ്രവച്ച്‌ സാക്ഷ്യപ്പെടുത്തി ഉപയോഗിക്കണമെന്നാണു ചട്ടം. ഇതു പാലിക്കാത്തതിന്‌ 3 തീയറ്ററുകള്‍ക്കെതിരേ കേസ്‌ എടുത്തിട്ടുണ്ട്‌. ലീഗല്‍ മെട്രോളജി പാക്കേജ്‌ഡ് കമ്മോഡിറ്റീസ്‌ റൂള്‍സ്‌ 6 (1) പ്രകാരം നിര്‍ദിഷ്‌ട പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത ഒരു സ്‌ഥാപനത്തിനെതിരേയും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. അളവ്‌ കൃത്യമായി പറയാതെ ലാര്‍ജ്‌, മീഡിയം, സ്‌മാള്‍ എന്നിങ്ങനെ നോണ്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ ആയി വില്‍പ്പന നടത്തിയതിന്‌ ഏഴു കേസുകളും രജിസ്‌റ്റര്‍ ചെയ്‌തു. മള്‍ട്ടിപ്ലക്‌സുകളില്‍ മതിയായ രീതിയില്‍ കുടിവെള്ളം വയ്‌ക്കണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.
തുടര്‍പരിശോധന ഉറപ്പാക്കും: മന്ത്രി അനൂപ്‌ ജേക്കബ്‌
തിരുവനന്തപുരം: മള്‍ട്ടിപ്ലക്‌സുകളില്‍ തുടര്‍പരിശോധനകള്‍ ഉറപ്പാക്കണമെന്നു നിര്‍ദേശം നല്‍കിയതായി മന്ത്രി അനൂപ്‌ ജേക്കബ്‌ അറിയിച്ചു.
നിയമലംഘനങ്ങള്‍ നടത്തുന്ന സ്‌ഥാപനങ്ങള്‍ക്കെതിരേ ശക്‌തമായ നടപടികള്‍ സ്വീകരിക്കും. ഇംപ്രൂവ്‌മെന്റ്‌ നോട്ടീസ്‌ നല്‍കിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് നിയമനടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
മള്‍ട്ടിപ്ലക്‌സുകള്‍, സിനിമ തിയേറ്റര്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്‌തുക്കള്‍ക്ക്‌ അമിതവില ഈടാക്കുന്നു എന്നും കൃത്യമായ അളവില്‍ ലഭിക്കുന്നില്ല എന്നുമുള്ള വ്യാപകമായ പരാതിയെ തുടര്‍ന്നാണു ഭക്ഷ്യ, ലീഗല്‍ മെട്രോളജി, ഉപഭോക്‌തൃകാര്യ വകുപ്പുകള്‍ സംസ്‌ഥാനമൊട്ടാകെ മിന്നല്‍ പരിശോധനകള്‍ നടത്തുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *