ഇടുക്കിയിൽ മുസ്ലിം ലീഗ് പ്രവർത്തക യോഗത്തിൽ കൂട്ടയടി; ചേരിതിരിഞ്ഞ് നേതാക്കളും പ്രവർത്തകരും

ഇടുക്കി: സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോരിന്റെ തുടർച്ചയായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രവർത്തക യോഗത്തിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും. ജില്ലാ കമ്മിറ്റിയിലെ വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയതോടെ യോഗ നടപടികൾ പൂർത്തിയാക്കാനാകാതെ നേതാക്കളും പ്രവർത്തകരും പിരിഞ്ഞുപോയി.
ഇടുക്കി ഡിടിപിസി പാർക്കിന് സമീപമുള്ള എക്കോ ലോഗ് കോട്ടേജിലായിരുന്നു യോഗം. തുടക്കം മുതൽ തന്നെ അന്തരീക്ഷം സംഘർഷഭരിതമായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീമിനെ വഴിയിൽ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ചില പ്രാദേശിക പ്രവർത്തകരെ നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷൻ പിൻവലിക്കാതെ യോഗം ആരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി അബ്ബാസ് മാസ്റ്റർ പക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. എന്നാൽ ഔദ്യോഗിക അംഗത്വമില്ലാത്തവരെ ഉൾപ്പെടെ എത്തിച്ച് യോഗം അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മറുപക്ഷം ആരോപിച്ചു. ഇതോടെ ഇരുപക്ഷവും തമ്മിൽ വാഗ്വാദവും ഉന്തും തള്ളുമുണ്ടായി.
നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് യോഗം ഉപേക്ഷിച്ച് ഇരുവിഭാഗവും മടങ്ങി.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഘട്ടം മുതലാണ് ഇടുക്കിയിലെ മുസ്ലിം ലീഗിൽ ഗ്രൂപ്പ് പോരും വിഭാഗീയതയും ശക്തമായത്. സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോരിന്റെ പ്രതിഫലനം ജില്ലയിലും പ്രകടമായതോടെ പാർട്ടിയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്നാണ് പ്രവർത്തകരുടെ ആരോപണം. വിഷയത്തിൽ സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *