തിരുവനന്തപുരം: ദേവസ്വം വിജിലൻസിൽ അഴിച്ചുപണിക്ക് സർക്കാർ നീക്കം. ശബരിമല സ്വർണക്കൊള്ളയും നെയ് ക്രമക്കേടും അന്വേഷിച്ച ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. മൂന്ന് എസ്‌ഐമാരുടെയും മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരുടെയും പട്ടിക വിജിലൻസ് ഡയറക്ടർക്ക് അയച്ചു.
എസ്‌ഐമാരായ വിഷ്ണു എം.പി., രാംലാൽ എ.ആർ., രമേശൻ പിള്ള, സിപിഒമാരായ ശ്യാംമോഹൻ, രതീഷ്, വിനു ബി.എസ്. എന്നിവരുടെ പേരും പെൻ നമ്പറും ഉൾപ്പെടുന്ന പട്ടികയാണ് അയച്ചത്. അപേക്ഷിക്കാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമന നടപടികൾ.
ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് പുതിയ നീക്കം. കോടതി വിധി മറികടന്നാണ് ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ നടപടിയെന്നാണ് ആരോപണം. വിഷയത്തിൽ ദേവസ്വം ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ദേവസ്വം വിജിലൻസിൽ അഴിച്ചുപണി; ശബരിമല സ്വർണക്കൊള്ളയും നെയ് ക്രമക്കേടും അന്വേഷിച്ച ഉദ്യോഗസ്ഥരെ മാറ്റുന്നു