തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുന്നതിനൊപ്പം കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടായതോടെ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്ന് വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ആവശ്യകതയെ അപേക്ഷിച്ച് ഏകദേശം 1100 മെഗാവാട്ടിന്റെ അധിക ഡിമാൻഡാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ പീക്ക് ഡിമാൻഡും സാധാരണ വേനൽക്കാലത്ത് രേഖപ്പെടുത്തുന്ന നിരക്കിന് സമാനമാണ്.
ഉയർന്ന ഉപഭോഗം മൂലം ഇന്ന് 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടാകാനിടയുണ്ട്. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത വർധിച്ചതോടെ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിക്കുന്നതിലും കുറവുണ്ടായി. ദേശീയതലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.
ഇതിനുപുറമെ സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായി. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് വ്യവസ്ഥയിൽ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകില്ല. ഇതോടെ 200 മെഗാവാട്ടിന്റെ അധിക കുറവുണ്ടായെങ്കിലും ശ്രമങ്ങളെ തുടർന്ന് 90 മെഗാവാട്ട് അധികമായി ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമായ സാഹചര്യം തുടരുന്നതിനാലാണ് ഇന്ന് വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചത്.
വൈദ്യുതി പ്രതിസന്ധി തുടരുന്നു; ഇന്ന് രാത്രി ഭാഗിക നിയന്ത്രണത്തിന് സാധ്യത