കൊച്ചി: മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കേസെടുത്ത് എസ്‌ഐടി. കളമശേരി സ്റ്റേഷനിൽ ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. തുടർന്ന് പരിപാടി സ്‌പോൺസർ ചെയ്‌ത റിപ്പോർട്ടർ ചാനലിന്റെ ഓഫീസിലും ഉടമയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റെയ്‌ഡ്.
ഇന്ന് പുലർച്ചെ രണ്ട് മണി മുതലാണ് റെയ്‌ഡ് ആരംഭിച്ചത്. ഒരേസമയം കൊച്ചിയിലും വയനാട്ടിലും അടക്കം അഞ്ചിടത്താണ് റെയ്‌ഡ് നടക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഫുട്ബാൾ ഇതിഹാസം മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് 549.22 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് സർക്കാർ നിയോഗിച്ച ജി.എസ്.ടിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രധാന സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ നേതൃത്വത്തിലാണ് മുഴുവൻ തട്ടിപ്പും നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത വിദേശനാണ്യ ഇടപാടുകൾ, രഹസ്യ യു.എസ് ഡോളർ അക്കൗണ്ട് ഇടപാടുകൾ, കണക്കിൽപ്പെടാത്ത ബാങ്കിതര വായ്പകൾ, ആദായനികുതിവെട്ടിപ്പ്, മുദ്രപ്പത്ര വില വെട്ടിപ്പ് തുടങ്ങിയ ക്രമക്കേടുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് തടയുന്നതിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് ഗുരുതരവീഴ്ച സംഭവിച്ചെന്നും വ്യക്തമായി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സർക്കാരിന് കൈമാറിയത്.
മെസിയുടെ പേരിലെ തട്ടിപ്പ്; ഒരേസമയം അഞ്ചിടങ്ങളിൽ റെയ്‌ഡ്