പൊലീസുകാരന്റെ ചവിട്ടേറ്റ ഗർഭിണി പ്രസവത്തിനിടെ മരിച്ചു; കുഞ്ഞിന്റെ നില ഗുരുതരം

ലക്‌നൗ: ഭർത്താവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റുവീണ ഗർഭിണി പ്രസവത്തിനിടെ മരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ശികോഹാബാദ് സ്വദേശി അഞ്ജലിയാണ് (28) മരിച്ചത്. സംഭവത്തിൽ രണ്ട് സബ്‌ ഇൻസ്‌പെക്‌ടർമാർ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്‌പൻഡ് ചെയ്‌തു.
സബ് ഇൻസ്‌‌പെക്‌ടർമാരായ ധർമ്മ്പാൽ സിംഗ്, സത്യപാൽ സിംഗ്, ഹെ‌ഡ് കോൺസ്റ്റബിൾമാരായ മോഹൻ സിംഗ്, അർവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ ഭവതോഷ് കുമാർ, കുൽദിപ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
മോഷണക്കേസിലെ പ്രതിയാണ് യുവതിയുടെ ഭർത്താവായ ഗൗരവ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി ഞായറാഴ്‌ച രാത്രി 11.45 ഓടെയാണ് പൊലീസ് സംഘം ലബൗഹ ഗ്രാമത്തിലെ വീട്ടിലെത്തിയത്. ഭർത്താവിനെ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് അഞ്ജലി പൊലീസിനോട് കേണപേക്ഷിക്കുന്നതിനിടെയാണ് സബ് ഇൻസ്‌പെക്‌ടർ ധർമ്മ്‌പാൽ സിംഗ് വയറ്റിൽ ചവിട്ടിയതെന്ന് കുടുംബം ആരോപിക്കുന്നു.
ചവിട്ടേറ്റ് നിലത്തുവീണ യുവതിയെ ആരോഗ്യനില വഷളായതിനുപിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, തിങ്കളാഴ്‌ച രാവിലെ നടന്ന പ്രസവത്തിനുപിന്നാലെ അഞ്ജലി മരിച്ചു. ഗുരുതരാവസ്ഥയിലായ നവജാത ശിശുവിനെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്രസവത്തിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഫിറോസാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് ഡോക്‌ടർമാർ പറയുന്നു. അഞ്ജലിയുടെ മരണവിവരം അറിഞ്ഞതിനുപിന്നാലെ പൊലീസ് ഗൗരവിനെ വിട്ടയച്ചു.
സംഭവത്തിൽ രാഷ്‌ട്രീയ പ്രതിഷേധം ശക്തമായി. സമാജ്‌വാദി പാർട്ടി ജനറൽ സെക്രട്ടറി രാംജിലാൽ സുമൻ പാർട്ടി പ്രവർത്തകർക്കൊപ്പം ചൊവ്വാഴ്‌ച ശികോഹാബാദ് പൊലീസ് സ്റ്റേഷനിൽ ധർണ നടത്തി. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *