ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച മാതാവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ രംഗത്ത്. ഇൻഡോറിൽ നടന്ന കോൺഗ്രസിന്റെ ‘ഛാത്രൺ കി ഗൂഞ്ച്’ പരിപാടിക്കിടെയാണ് സംഭവം.
മോദി സർക്കാരിന്റെ നയതന്ത്ര സമീപനങ്ങളെ വിമർശിച്ചുകൊണ്ട്, സ്റ്റാൻഡപ്പ് കൊമേഡിയൻ പുൽകിത് മാണിക്കൊപ്പം പ്രധാനമന്ത്രിയുടെ ശബ്ദം അനുകരിച്ച് രാഹുൽ ഗാന്ധി പരിപാടിയിൽ സംസാരിച്ചിരുന്നു. പുൽകിത് മാണിക്കൊപ്പം വേദി പങ്കിട്ട രാഹുൽ ഗാന്ധി, പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും പരോക്ഷമായി കളിയാക്കുന്ന തരത്തിലുള്ള വരികളും ആംഗ്യങ്ങളും അവതരിപ്പിക്കുകയും, ഇതിനിടെ പ്രായമായ ഒരു അമ്മയെ പരിഹസിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് മര്യാദകെട്ടതും മാന്യതയില്ലാത്തതുമായ പെരുമാറ്റമാണെന്നും, പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിക്കുന്നതാണെന്നും കാണിച്ച് കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി “പ്രായമായ ഒരു അമ്മയെ പരിഹസിച്ച്” സ്ത്രീകളെ അപമാനിച്ചതായി ബിജെപി ദേശീയ വക്താവ് സിആർ കേശവൻ ഞായറാഴ്ച രാവിലെ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ഈ വിഷയത്തിൽ കോൺഗ്രസിന്റെ സ്വന്തം നേതാവായ ശശി തരൂർ പോലും പാർട്ടിയുടെ പരാജയം സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസും വിദ്യാർത്ഥി സംഘടനയായ ൻഎഎസ്‌യുഐയും തുരത്തിയോടിക്കപ്പെടാൻ കാരണം രാഹുൽ ഗാന്ധിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ് മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചു. “രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും ധാർമ്മികമായ അധഃപതനത്തിന്റെ ഏറ്റവും താഴത്തെ തട്ടിലെത്തിയിരിക്കുന്നു. വിദ്യാർത്ഥികളുമായുള്ള സംവാദത്തെ ഉപയോഗപ്പെടുത്തി പ്രധാനമന്ത്രി മോദിജിയുടെ അന്തരിച്ച അമ്മയെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് അടിസ്ഥാനപരമായ മനുഷ്യത്വത്തിന്റെയും രാഷ്ട്രീയ സംസ്കാരത്തിന്റെയും അഭാവമാണ് കാണിക്കുന്നത്,” അദ്ദേഹം കുറിച്ചു. രാഹുൽ ഗാന്ധിയുടെ ഭാഷ “മോശമായ അവസ്ഥയിൽ നിന്ന് കൂടുതൽ മോശമായ അവസ്ഥയിലേക്ക്” കൂപ്പുകുത്തുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും പറഞ്ഞു.
പ്രധാനമന്ത്രിയുടെ മാതാവിനെ അപമാനിച്ചു; സ്റ്റാൻഡപ്പ് കോമഡിയുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി