തിരുവനന്തപുരം നഗരൂരിൽ തെരുവുനായ ആകമണം: പതിനൊന്നുകാരന് കൈവിരൽ നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുവയസുകാരന് കൈവിരൽ നഷ്ടമായതായി പരാതി. മൊട്ടലുവിള സ്വദേശികളായ രാജു, അഞ്ചു ദമ്പതികളുടെ മകൻ ശരണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് ശരണും ഇളയ സഹോദരിയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ഇവർക്ക് നേരെ തെരുവുനായ പാഞ്ഞടുത്തത്. പരിഭ്രാന്തയായ ഇളയ സഹോദരി ഉടൻ തന്നെ കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് ഓടിരക്ഷപ്പെട്ടു. തുടർന്ന് ശരണിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ വലതുകയ്യിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു.
ആക്രമണത്തിൽ ശരണിന്റെ കാലിലും പരിക്കേറ്റതായാണ് വിവരം. ഉടൻ തന്നെ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശരണിനെ ആക്രമിച്ച തെരുവുനായ സമീപത്തെ വളർത്തുമൃഗങ്ങളെയും ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *