തിരുവനന്തപുരം പാറശാലയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്: ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ

തിരുവനന്തപുരം: പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. പാറശാല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് വിജയ പ്രേംകുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ വിജയ പ്രേംകുമാർ സുനിതയുടെ കഴുത്തിന് പിന്നിൽ കത്തികൊണ്ട് അറുക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഭാര്യയുമായി വാക്കുതർക്കമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ മുറിവേൽക്കുകയായിരുന്നെന്നാണ് വിജയ പ്രേംകുമാർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല. വിജയ പ്രേംകുമാർ സ്ഥിരം മദ്യപിക്കാറുണ്ടെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാകുമായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *