സഹോദരിയുടെ ബന്ധം പുറത്തറിയുമെന്ന ഭയം; തമിഴ്നാട്ടിൽ 17കാരിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കരൂർ: തമിഴ്നാട് കരൂരിൽ 17കാരിയെ സഹോദരിയും ആൺ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയതായി പൊലീസ്. വേങ്ങമേട്ടിലാണ് സംഭവം. നെരൂർ സ്വദേശി മോഹൻരാജും പെൺകുട്ടിയുടെ സഹോദരിയുമാണ് പിടിയിലായത്.
ഓഗസ്റ്റ് 17നാണ് കൊലപാതകം നടന്നത്. വിവാഹിതനായ മോഹൻരാജും പെൺകുട്ടിയുടെ സഹോദരിയും തമ്മിലുള്ള ബന്ധം 17കാരി കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 32 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കനാലിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഹൻരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. മോഹൻരാജ് നെയ്യ് വിതരണം ചെയ്തിരുന്ന സൂപ്പർമാർക്കറ്റിലായിരുന്നു പെൺകുട്ടിയുടെ സഹോദരി ജോലി ചെയ്തിരുന്നത്.
ഓഗസ്റ്റ് 18ന് വീട്ടിൽ മോഹൻരാജിനെയും സഹോദരിയെയും ഒരുമിച്ച് കണ്ട 17കാരി ബന്ധം പുറത്തുപറയുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മോഹൻരാജും പെൺകുട്ടിയുടെ സഹോദരിയും ചേർന്ന് മൃതദേഹം കനാലിൽ തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *