ബിഎംഡബ്ല്യു കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് തവിടുപൊടിയായി; മൂന്നുപേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

മുംബയ്: കോസ്റ്റൽ റോഡിൽ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 5.20ഓടെ ലോട്ടസ് ജെട്ടിക്ക് സമീപം ലാലാ കോളേജിന് എതിർവശത്തായിരുന്നു അപകടം. മറൈൻ ഡ്രൈവിൽ നിന്ന് ഹാജി അലിയിലേക്ക് അമിതവേഗത്തിൽ പോവുകയായിരുന്നു കറുത്ത ബിഎംഡബ്ല്യു കാർ.
ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടകാരണമെന്നാണ് കോസ്റ്റൽ റോഡ് കൺട്രോൾ റൂം വ്യക്തമാക്കിയത്. അമിതവേഗത്തിലെത്തിയ കാർ റോഡിന്റെ ഭിത്തിയിൽ ഇടിച്ചശേഷം കാർ പാക്കിംഗിനായുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന സ്ഥലത്തേക്ക് പാലത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന നാലുപേരെയും സമീപത്തുള്ള നായർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു.
ഷനായ് ഗജ്ജൽ (21), ധൈര്യ ദർശൻ സേത്ത് (17), ആദിത്യ ജകാസ്‌നിയ (19) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഇവർ മരണപ്പെട്ടിരുന്നതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ 23 വയസുകാരനായ ആദിത്യ കൽപേഷ്വർ ഓസ്വാളിനെ ട്രോമ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *