‘പ്രദർശന വിലക്ക് പുനഃപരിശോധിക്കണം’; 31 ഡോക്യുമെന്ററികൾക്ക് അനുമതി നിഷേധിച്ചതിനെതിരെ ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനിരുന്ന 31 സിനിമകൾക്ക് അനുമതി നിഷേധിച്ചതിനെതിരെ കേരള ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചു. അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്നാണ് അക്കാദമിയുടെ ആവശ്യം.
കാരണം വ്യക്തമാക്കാതെയാണ് സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ഇതുസംബന്ധിച്ച അറിയിപ്പ് കേരള ചലച്ചിത്ര അക്കാദമിക്ക് ഇന്നലെയാണ് ഇ-മെയിൽ മുഖേന ലഭിച്ചത്.
‘പാർലമെന്റ് സ്ട്രീറ്റ്’, ‘പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്’, മലയാള ഡോക്യുമെന്ററി ‘ഗ്ലോബ്’ തുടങ്ങിയവയും അനുമതി നിഷേധിച്ച ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. ഡൽഹിയിലെ ജന്തർ മന്തർ മേഖലയിലെ സമരങ്ങളുടെ ചരിത്രമാണ് ‘പാർലമെന്റ് സ്ട്രീറ്റ്’ എന്ന ഡോക്യുമെന്ററിയുടെ പ്രമേയം.
അനുമതി നിഷേധിച്ച ചിത്രങ്ങളിൽ 18 എണ്ണം, ഇന്റർനാഷണൽ നോൺ-ഫിക്ഷൻ വിഭാഗത്തിലെ ഒൻപത് ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിവ ഉൾപ്പെടുന്നു. എന്നാൽ അനുമതി നിഷേധിക്കാനുള്ള കാരണം കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഈ മാസം 25 മുതൽ 30 വരെ തിരുവനന്തപുരത്താണ് രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവൽ നടക്കുന്നത്.
അതേസമയം, വിവാദങ്ങൾക്കിടെ കേരള ചലച്ചിത്ര അക്കാദമിക്ക് ഇതുവരെ അധ്യക്ഷനെ നിയമിച്ചിട്ടില്ല. നിലവിൽ സെക്രട്ടറി ഇൻ ചാർജിനാണ് അക്കാദമിയുടെ ചുമതല. ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *