ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളില്‍ ബിജെപിയുടെയും എന്‍.ഡി.എ സഖ്യത്തിന്റെയും സ്വാധീനം ഗണ്യമായി വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, പ്രധാന പ്രതിപക്ഷ സഖ്യമായ ഇന്ത്യ (INDIA) മുന്നണിയുടെ അംഗസംഖ്യയില്‍ വലിയ ഇടിവുമുണ്ടായി. രാജ്യത്തെ ആകെ 4,123 എം.എല്‍.എമാരില്‍ ബിജെപിയുടെ വിഹിതം 37.16 ശതമാനത്തില്‍ നിന്ന് 43.97 ശതമാനമായി ഉയര്‍ന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.2024 പൊതുതിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് 1,532 എം.എല്‍.എമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 1,813 ആയി വര്‍ദ്ധിച്ചു. എന്‍.ഡി.എ സഖ്യത്തിന്റെ ആകെ എം.എല്‍.എമാരുടെ എണ്ണം 2,096-ല്‍ നിന്ന് 2,530 ആയി ഉയരുകയും ചെയ്തു. പശ്ചിമ ബംഗാളിലും അസമിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയമാണ് എന്‍.ഡി.എയുടെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം. തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് പുറമെ സഖ്യത്തിലെ വിള്ളലുകളും പ്രതിപക്ഷത്തിന് വലിയ ആഘാതമായി.ഇന്ത്യ മുന്നണിയുടെ എം.എല്‍.എ വിഹിതം 38.88 ശതമാനത്തില്‍ നിന്ന് 24.52 ശതമാനമായി കുറഞ്ഞു. ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ എന്നീ പ്രമുഖ പാര്‍ട്ടികള്‍ സഖ്യം വിട്ടത് ഇതിന് ആക്കം കൂട്ടി.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് 18 എം.എല്‍.എമാരെ നഷ്ടപ്പെട്ടപ്പോള്‍ ഡി.എം.കെ, ആര്.ജെ.ഡി, എ.എ.പി എന്നീ പാര്‍ട്ടികള്‍ക്ക് യഥാക്രമം 75, 51, 37 എം.എല്‍.എമാരെ വീതം നഷ്ടമായി.
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വലിയൊരു പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണ്. പാര്‍ട്ടിയിലെ വിമത നീക്കം ബിജെപിക്ക് പശ്ചിമ ബംഗാളില്‍ കൂടുതല്‍ കരുത്ത് പകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തൃണമൂല്‍ നേരിടുന്ന ഈ തകര്‍ച്ച പാര്‍ലമെന്റിലും ബിജെപിയുടെ നില ഭദ്രമാക്കാന്‍ സഹായിച്ചേക്കും. അതേസമയം ഇരുസഖ്യങ്ങളിലും ഉള്‍പ്പെടാതെ നില്ക്കുന്ന പാര്‍ട്ടികളിലെ എം.എല്‍.എമാരുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് 7.79 ശതമാനത്തില്‍ നിന്ന് 13.66 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.