‘നിങ്ങളെ പൊട്ടനെന്ന് പോലും വിളിക്കാൻ പറ്റില്ല, അപ്പൂപ്പന്റെ പ്രായമുണ്ട്’; ടി ജി മോഹൻദാസ് വിഷം തുപ്പുന്ന മനുഷ്യനെന്ന് രഞ്ജിനി

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ആർഎസ്‌എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ രഞ്ജിനി ഹരിദാസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി പ്രതികരിച്ചത്. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ ര‌ഞ്ജിനി പങ്കെടുക്കുകയും ഐക്യദാഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമരത്തെ തുടർന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചൊഴിയുകയും വിദ്യാർത്ഥികളുടെ എല്ലാ ആവശ്യവും നിറവേറ്റാമെന്ന വാഗ്ദാനം സർക്കാർ നൽകുകയും ചെയ്തിരുന്നു.

പ്രതിഷേധത്തിനിടെ ‌ഡൽഹി പൊലീസ് വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച നിലപാട് ചർച്ചയാകുന്നതിനിടെയാണ് ടി ജി മോഹൻദാസിന്റെ പ്രതികരണം വിവാദമായത്. ഇപ്പോഴിതാ ടി ജി മോഹൻദാസ് വിഷം തുപ്പുന്ന മനുഷ്യനാണെന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. കുട്ടികൾക്ക് നേരെ ലാത്തിചർജ് നടത്തിയതിന് പുറമെ അവരെ വെടിവച്ച് കൊല്ലൂവെന്നാണ് അയാൾ പറഞ്ഞതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

‘എന്റെ അപ്പൂപ്പന്റെ പ്രായമുള്ളയാളാണ് ടി ജി മോഹൻദാസ്. ഇത്രയും വർഷം ഈ ഭൂമിയിൽ ജീവിച്ചിട്ട് അയാൾ വിദ്യാർത്ഥികൾക്കെതിരെ പ‍റഞ്ഞത് കേൾക്കുമ്പോൾ അറിയാം അന്ധമായ രാഷ്ട്രീയമാണ് കാത്തുസൂക്ഷിക്കുന്നതെന്ന്. വിഷം തുപ്പുന്ന മനുഷ്യരാണ് ഇവരെല്ലാം. നിങ്ങളുടെ അജണ്ടയിലൂടെ മറ്റുള്ളവരെക്കൂടി മലിനമാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. കുട്ടികൾക്ക് നേരെ ലാത്തിചർജ് നടത്തിയതിന് പുറമെ അവരെ വെടിവച്ച് കൊല്ലൂവെന്നാണ് അയാൾ പറഞ്ഞത്.

ഇടതുപക്ഷത്ത് നിൽക്കുന്ന എല്ലാവർക്കും ബലാത്സംഗം ഇഷ്ടമാണ്,​ അതുകൊണ്ടാണ് അവർ സമരത്തിന് പോയിനിൽക്കുന്നതെന്ന് അയാൾ പറഞ്ഞു. നിങ്ങൾക്ക് ബലാത്സംഗം എന്താണെന്ന് അറിയില്ല. നിങ്ങൾ ബലാത്സംഗം ആണോ സെക്സ് ആണോ ഉദ്ദേശിച്ചത്. സെക്സും റേപ്പും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് അറിയാമോ?​ ഇത്തരം പ്രസ്താവനകൾ പറയുന്ന നിങ്ങളെ പൊട്ടനെന്ന് പോലും വിളിക്കാൻ പറ്റില്ല. ഫൂൾ എന്ന് വിളിച്ചാൽ അത് നിങ്ങൾക്ക് പ്രശംസയായിപ്പോകും. നിങ്ങൾക്കൊക്കെ കുടുംബം ഉണ്ടോ?​ നിങ്ങൾക്ക് പെൺമക്കളുണ്ടോ?​ നിങ്ങൾ ഒരു അപ്പൂപ്പനാകില്ലേ?​ എന്തുമാത്രം വിഷമാണ് നിങ്ങൾ തുപ്പുന്നത്. രാഷ്ട്രീയവും മതവും ഉപയോഗിച്ച് മനുഷ്യരെ ഭിന്നിപ്പിക്കുന്നത് ദയവായി നിർത്തൂ.’- രഞ്ജിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *