പാട്ന: ബീഹാറിലെ ജെഹനാബാദ് ജില്ലയിൽ യുവതിയെ തലയറുത്ത് കൊലപ്പെടുത്തി ഭർത്തൃസഹോദരൻ. അൻഷു കുമാരി (22) ആണ് കൊലപ്പെട്ടത്. സംഭവത്തിൽ അൻഷുവിന്റെ ഭർത്താവിന്റെ സഹോദരൻ കുനാൽ കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. ഭക്ഷണം വിളമ്പുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാവിലെയായിരുന്നു ക്രൂരകൊലപാതകം നടന്നത്. കുനാൽ വീട്ടിലുണ്ടായിരുന്ന അൻഷുവിനോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടു. അൻഷു ഭക്ഷണം വിളമ്പുന്നതിനിടെ കയ്യിൽ അഴുക്കുണ്ടായിരുന്നത് കുനാലിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ കുനാൽ അൻഷുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നാലെ കയ്യിൽ കിട്ടിയ ആയുധം ഉപയോഗിച്ച് അൻഷുവിന്റെ തലവെട്ടിമാറ്റുകയായിരുന്നു.
വിവരമറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കുനാലിനെ അറസ്റ്റുചെയ്യുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ കുടുംബത്തിലെ മറ്റുള്ളവർ പാടത്ത് ജോലിയ്ക്ക് പോയിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.