കാന്‍സാസ് സിറ്റി: ലോകകപ്പില്‍ ചരിത്രനേട്ടവുമായി അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി മാറി. ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ ഗോള്‍ നേടിയതോടെയാണ് മെസ്സി റെക്കോഡ് കുറിച്ചത്. 17 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം.
ലോകകപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന മുന്‍ ജര്‍മന്‍ സ്ട്രൈക്കര്‍ മിറാസ്ലാവ് ക്ലോസെയെ ആണ് മെസ്സി മറികടന്നത്. ഓസ്ട്രിയക്കെതിരേ വലകുലുക്കിയതോടെ മെസ്സിക്ക് 17 ഗോളുകളായി. അള്‍ജീരിയക്കെതിരേ മിന്നിയ മെസ്സി തകര്‍പ്പന്‍ ഹാട്രിക് കുറിച്ചതോടെയാണ് ഗോള്‍ നേട്ടം 16 ആയി ഉയര്‍ന്നത്. 15 ഗോളുകള്‍ നേടിയ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ ആണ് മൂന്നാമത്.
കഴിഞ്ഞ മത്സരത്തില്‍ അള്‍ജീരിയക്കെതിരേ ഹാട്രിക് ഗോള്‍ നേടിയതോടെയാണ് മെസ്സി ക്ലോസേയ്ക്കൊപ്പമെത്തിയത്. ലോകകപ്പിലെ താരത്തിന്റെ ആദ്യ ഹാട്രിക് കൂടിയായിരുന്നു അത്. ലോകകപ്പില്‍ അള്‍ജീരിയക്കെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പില്‍ കളിക്കുന്ന താരമായി മെസ്സി മാറിയിരുന്നു. മെസ്സിയുടെ ആറാം ലോകകപ്പാണിത്. ആറു ലോകകപ്പുകളില്‍ കളിക്കുന്ന ആദ്യ താരമാണ് മെസ്സി.