മുഖ്യമന്ത്രിയും കുടുംബവും കുടുങ്ങി; വാങ്ങിക്കൂട്ടിയത് 168 ഏക്കര്‍ ഭൂമി, മദ്ധ്യപ്രദേശില്‍ വന്‍ വിവാദം

 

ഭോപ്പാല്‍: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും കുടുംബവും ഉജ്ജയിനില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയെന്ന വാര്‍ത്ത ചര്‍ച്ചയാവുന്നു. സര്‍ക്കാര്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയാണ് മുഖ്യമന്ത്രിയും കുടുംബവും സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയതെന്ന വാര്‍ത്ത ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മോഹന്‍ യാദവ്, അദ്ദേഹത്തിന്റെ ഭാര്യ സീമ, മകന്‍ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരന്മാരായ നന്ദലാല്‍ നാരായണ്‍ യാദവ്, നാരായണിന്റെ ഭാര്യ രേഖ, അവരുടെ മകന്‍ അഭയ് യാദവ്, അടുത്ത ബന്ധുക്കളായ ഗോവിന്ദ്, നിലേഷ് യാദവ് എന്നിവരും ഇവരുടെ റിയല്‍ എസ്റ്റേറ്റ് കമ്പനിയും ചേര്‍ന്നാണ് 168 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2023 ഡിസംബര്‍ 13നാണ് മോഹന്‍ യാദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അവരുടെ നാല് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ഒന്നിന്റെയും പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയത്. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മുന്‍കൂട്ടി ലഭിച്ച വിവരങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മുഖ്യമന്ത്രി ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന ആരോപണം.
മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കള്‍ ഇതിനകം ഭൂമികളില്‍ പലതും വന്‍കിട ഹൗസിംഗ് പ്രോജക്ടുകളാക്കി മാറ്റി വലിയ ലാഭം കൊയ്യാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന വിമര്‍ശനവും ശക്തമാണ്. വികസനത്തിന്റെ മറവില്‍ നടന്ന വന്‍ ഭൂമി ഇടപാട് വിവരങ്ങള്‍ പുറത്തുവന്നതോടെ മദ്ധ്യപ്രദേശില്‍ മോഹന്‍ യാദവിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സംഭവം വലിയ വിവാദമായിട്ടും ഇതുവരെ മുഖ്യമന്ത്രിയോ ബന്ധുക്കളോ പ്രതികരണവുമായി എത്തിയിട്ടില്ല

 

 

Leave a Reply

Your email address will not be published. Required fields are marked *