മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ആ ബോര്‍ഡ് പാടില്ല

ഡിസ്‌കൗണ്ട് ബോര്‍ഡുകള്‍ വിലക്കിയ സര്‍ക്കുലര്‍ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഡിസ്‌കൗണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വിലക്കുന്ന ഡ്രഗ്‌സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസ്‌കൗണ്ട് ബോര്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും വിലക്കുറവില്‍ മരുന്നുകള്‍ വില്‍ക്കുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. 80 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന തരത്തില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയാക്കുന്നതാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കോടതി അംഗീകരിച്ചു.

ഇത്തരം നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പുതിയ ലൈസന്‍സ് നേടുന്നതിനോ നിലവിലെ ലൈസന്‍സ് പുതുക്കുന്നതിനോ അപേക്ഷിക്കുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്‌കൗണ്ട് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന വ്യവസ്ഥയും സര്‍ക്കുലറിലുണ്ട്.

സര്‍ക്കുലറിനെ ചോദ്യം ചെയ്ത് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി. അതേസമയം സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി അനുവദിക്കുകയും ചെയ്തു. സര്‍ക്കാരിന് വേണ്ടി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി എസ് ശ്രീജിത്ത് ഹാജരായി.

 

Leave a Reply

Your email address will not be published. Required fields are marked *