
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദ്ദേശത്തിന് പിന്നില്‍ അഴിമതിയെന്ന് ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉയര്‍ത്തിയ ആരോപണം, സഭക്ക് പുറത്തേക്കും വ്യാപിപ്പിച്ച് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തി. 2023 ല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നല്‍കിയിരുന്നെന്നും 3 വര്‍ഷം തങ്ങള്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ വന്ന ശേഷം അസാധാരണ നീക്കമാണ് ഇതിലുണ്ടായതെന്നും പിന്നില്‍ അഴിമതിയാണെന്നുമാണ് ബാലഗോപാല്‍ പറഞ്ഞുവച്ചത്. ‘ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു’ എന്ന പ്രയോഗം ഉപയോഗിച്ച ബാലഗോപാല്‍ അഴിമതി മണക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. സഭയില്‍ ചര്‍ച്ചചെയ്യാന്‍ അവസരം ഇല്ലാത്ത അവസ്ഥയാണുള്ളത്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് ഇന്ന് നടന്നത്. ഇരുണ്ട കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്. പ്രസംഗം ഒഴിവാക്കിയാല്‍ അഴിമതി ആരോപണം ഇല്ലാതാകില്ല. ഇത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുവെന്നും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാലഗോപാല്‍ വിവരിച്ചു.
എല്ലാം ബക്കാഡിക്ക് വേണ്ടിയെന്ന് പിണറായി
അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയില്‍ ആരോപിച്ചത്. വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രസംഗിക്കവെയാണ് പിണറായി, അഴിമതി ആരോപണം ഉയര്‍ത്തിയത്. ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഇതിനായി ബജറ്റില്‍ നികുതി നിര്‍ദേശം തിരുകികയറ്റുകയാണ് ചെയ്തിരിക്കുന്നത്. പുതിയ നികുതി നിര്‍ദ്ദേശം ആലോചിച്ചില്ല എന്നാണ് ബജറ്റ് ഷെഡ്യൂളില്‍ മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. സ്വകാര്യ മദ്യ കമ്പനിക്ക് അമിത ലാഭം കൊയ്യാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുക. അതാണ് ഗൗരവമുള്ള സംഗതിയെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ മദ്യ കമ്പനിക്ക് വേണ്ടിയാണ് ഈ നീക്കം. സ്വകാര്യ മദ്യ കമ്പനിയായ ബക്കാഡിക്ക് വേണ്ടിയുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. നികുതി കുറക്കുന്നത് ബെക്കാഡിക്ക് വേണ്ടിയാണെന്നും പിണറായി അഭിപ്രായപ്പെട്ടു. 2023 ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശരവേഗത്തില്‍ ഫയല്‍ നീക്കമുണ്ടായി. ഏഴ് ഉദ്യോസ്ഥര്‍ ശര വേഗതയില്‍ ഫയല്‍ കണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. പുതിയ സര്‍ക്കാര്‍ വന്ന ശേഷം ഫയല്‍ നീക്കത്തിലുണ്ടായത് അസാധാരണ വേഗമാണെന്നും പ്രതിപക്ഷ നേതാവ് വിവരിച്ചു.